മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ ടീസർ നാളെ പുറത്തിറങ്ങും. മമ്മൂട്ടിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. നാളെ രാത്രി ഏഴ് മണിക്കാണ് ടീസർ പുറത്തിറങ്ങുക. ചിത്രത്തിന്റെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. ഗോകുൽ സുരേഷിന്റെയും മമ്മൂട്ടിയുടെയും ചിത്രമാണ് പോസ്റ്ററിലുള്ളത്.
പോസ്റ്ററിന് പിന്നാലെ ആശംസാപ്രവാഹമാണ് കമന്റ് ബോക്സിൽ നിറയുന്നത്. നാളെ സോഷ്യൽ മീഡിയ കത്തും, വ്യത്യസ്തമായ അടുത്ത പരീക്ഷണം കാണാനായി കാത്തിരിക്കുന്നു, മമ്മൂക്കയോടുള്ള ആരാധന ഈ ചിത്രത്തിലൂടെ ഇരട്ടിയാകും, മമ്മൂട്ടിയും ഗോകുൽ സുരേഷും സൂപ്പർ കോംബോ ആയിരിക്കും എന്നൊക്കയാണ് ആരാധകർ പറയുന്നത്.
നേരത്തെ പുറത്തിറങ്ങിയ, ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. വെള്ള വസ്ത്രവും സ്ലിപ്പറും ധരിച്ച് സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
സൂരജ് രാജൻ, നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മിക്കുന്ന ആറാമത്തെ ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വിനീത്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.















