നടി കീർത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12-ന് ഗോവയിൽ നടക്കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയെ വിവാഹം കഴിക്കുന്നത്. രണ്ട് ചടങ്ങുകളിലായാണ് വിവാഹം നടക്കുന്നത്.
വിവാഹം അറിയിച്ചുള്ള ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണമെന്നും സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുന്നതെന്നും കത്തിൽ പറയുന്നുണ്ട്. ദുബായിലെ ബിസിനസുകാരനാണ് കൊച്ചി സ്വദേശിയായ ആന്റണി തട്ടിൽ.
സുഹൃത്ത് ആന്റണി തട്ടിലുമായി 15 വർഷമായി പ്രണയത്തിലായിരുന്നുവെന്ന് അടുത്തിടെയാണ് കീർത്തി സുരേഷ് വെളിപ്പെടുത്തിയത്. ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സമൂഹ മാദ്ധ്യമ പോസ്റ്റ്. വിവാഹം സ്ഥിരീകരിച്ചതിന് പിന്നാലെ, കീർത്തി കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.