ഭൂമി സൂര്യനും വ്യാഴത്തിനുമിടയിൽ വരുന്ന അത്യപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. ഈ മാസം 7നാണ് ഈ ഭൂമി സൂര്യനും വ്യാഴത്തിനുമിടയിലൂടെ കടന്നു പോകുന്നത്. ഈ സമയം വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും ഉണ്ടാകുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ ഏറ്റവും തിളക്കത്തോടെ ഏറ്റവും അടുത്ത് കാണാനുള്ള അവസരമാണ് അന്നേ ദിവസം ഉണ്ടാകുന്നത്.
ആറാം തിയതി വൈകിട്ടോടെ വ്യാഴം ഭൂമിയിൽ നിന്നും ഏകദേശം 611 ദശലക്ഷം കിലോമീറ്റർ അകലെയായിരിക്കും. ഈ സമയം കൂടുതൽ പ്രകാശത്തോടെ വ്യാഴം ദൃശ്യമാകും. ടെലസ്‌കോപ്പുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നവർക്ക് വ്യാഴത്തിന് ചുറ്റുമുള്ള വലയങ്ങളും ഗലീലിയൻ ഉപഗ്രഹങ്ങളും നന്നായി കാണാൻ സാധിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
അയോ, യൂറോപ്പ, ഗാനിമിഡ്, കലിസ്റ്റോ എന്നിങ്ങനെ നാല് വലിയ ഉപഗ്രഹങ്ങളാണ് വ്യാഴത്തിനുള്ളത്. അസ്തമയത്തിന് ശേഷം സൂര്യന് നേരെ കിഴക്ക് ദിക്കിലായി വ്യാഴം ഉദിക്കും. അർദ്ധരാത്രിയോടെ ആകാശത്ത് നേരെ മുകളിൽ എത്തുകയും ചെയ്യുന്നു. വാനനിരീക്ഷകർക്ക് വ്യാഴത്തെ കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനുമുള്ള അവസരമാണിതെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു. നഗ്നനേത്രങ്ങൾ കൊണ്ടും വ്യാഴത്തെ കൂടുതല്‍ വലിപ്പത്തില്‍ കാണാനാകും.