അഫ്ഗാൻ വനിതകളുടെ നഴ്സിംഗ് വിദ്യാഭ്യാസം നിരോധിക്കാനുള്ള താലിബാന്റെ നീക്കത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ . എക്സിൽ പോസ്റ്റ ചെയ്ത കുറിപ്പിൽ റാഷിദ് ഖാൻ, മാതൃരാജ്യത്ത് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കയും ഉത്കണ്ഠയും പ്രകടിപ്പിച്ചു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മെഡിക്കൽ പരിശീലനം നിരോധിച്ചുകൊണ്ട് താലിബാൻ സർക്കാർ മന്ത്രി ഹിബത്തുള്ള അഖുന്ദ്സാദ ഡിസംബർ 2 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിൽ ഇനി മുതൽ സ്ത്രീകൾക്ക് മിഡ്‌വൈഫ്, നഴ്‌സിംഗ് വിദ്യാഭ്യാസം നേടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച റാഷിദ് ഖാൻ എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണത്തിൽ സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം ഏറെയുണ്ടെന്നും പറയുന്നു.
നിലപാട് പുനഃപരിശോധിക്കണമെന്നും, വിദ്യാഭ്യാസം ആർക്കും നിഷേധിക്കരുതെന്നും റാഷിദ് ഖാൻ അഭ്യർത്ഥിച്ചു.ഒരു രാജ്യത്തിന്റെ വികസനത്തിന്റെ അടിത്തറ ആരംഭിക്കുന്നത് വിദ്യാഭ്യാസത്തിൽ നിന്നാണ്. നമ്മുടെ സഹോദരിമാർക്കും പഠിക്കാനുള്ള അവകാശമുണ്ട്. എല്ലാ മേഖലകളിലും അവർക്ക് സമൂഹത്തെ സേവിക്കാൻ കഴിയും. ഇത് നിങ്ങൾ പരിഗണിക്കുമെന്നും മതത്തിന്റെ തത്വങ്ങൾക്കനുസൃതമായി ഞങ്ങളുടെ സഹോദരിമാർക്ക് വിദ്യാഭ്യാസം നൽകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ സഹോദരിമാർക്കും അമ്മമാർക്കുമുള്ള വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിൽ ഞാൻ നിരാശനാണ്. ഈ തീരുമാനം ഭാവിയെ മാത്രമല്ല നമ്മുടെ സമൂഹത്തെയും ആഴത്തിൽ ബാധിച്ചിട്ടുണ്ട് . ഇസ്ലാമിക് തത്വങ്ങളിൽ വിദ്യാഭ്യാസത്തിന് പ്രധാന സ്ഥാനമുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അറിവ് നേടുന്നതിന് ഊന്നൽ നൽകുന്നു. പഠനത്തിന്റെ പ്രാധാന്യം ഖുർആൻ ഉയർത്തിക്കാട്ടുന്നു, രണ്ട് ലിംഗങ്ങളുടെയും തുല്യമായ ആത്മീയ മൂല്യം അംഗീകരിക്കുന്നു.
രാജ്യത്തിന് എല്ലാ മേഖലകളിലും പ്രൊഫഷണലുകളെ ആവശ്യമുണ്ട്, പ്രത്യേകിച്ച് വൈദ്യശാസ്ത്ര മേഖലയിൽ. വനിതാ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും രൂക്ഷമായ ക്ഷാമം പ്രത്യേകിച്ചും ആശങ്കാജനകമാണ്. കാരണം അത് സ്ത്രീകളുടെ ആരോഗ്യത്തെയും അന്തസ്സിനെയും നേരിട്ട് ബാധിക്കുന്നു. അതുകൊണ്ട് ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആത്മാർത്ഥമായി അപേക്ഷിക്കുന്നു.
അഫ്ഗാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം വീണ്ടെടുക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാനും കഴിയും. എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല. ഇത് നമ്മുടെ വിശ്വാസങ്ങളിലും മൂല്യങ്ങളിലും ആഴത്തിൽ വേരൂന്നിയ ധാർമിക ബാധ്യതയാണ്, റാഷിദ് ഖാൻ പറയുന്നു.