തൃശൂർ: പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. കൊമ്പനാന കുട്ടിയാണ് ചരിഞ്ഞത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ച് ആനയുടെ പിൻ കാലുകളിലേക്ക് വീണ മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ ആനയ്‌ക്ക് കുഴിൽ നിന്നും സ്വയം എഴുന്നേൽക്കാൻ സാധിച്ചിരുന്നില്ല.
മലർന്നു കിടക്കുന്ന നിലയിലാണ് ആന കുഴിയിൽ കിടന്നിരുന്നത്. പ്രയാസപ്പെട്ട് എഴുന്നേൽക്കാൽ ശ്രമിച്ചെങ്കിലും മലർന്നു കിടക്കുന്നതിനാൽ ഇതിന് സാധിക്കാതെ പോവുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ആനയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആനയെ പൂർണമായും കുഴിയിൽ നിന്നെടുത്ത് സംസ്‌കരിക്കാനുള്ള നടപടികൾ ആരംഭിക്കും.
എലിക്കോട് സ്വദേശി റാഫിയുടെ സെപ്റ്റിക് ടാങ്കിലാണ് കാട്ടാന വീണത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആന വീണുകിടക്കുന്നത് കണ്ടത്. ഇതോടെ വനംവകുപ്പിനെയും ആർആർടിയെയും വിവരം അറിയിക്കുകയായിരുന്നു. ആനയ്‌ക്ക് കുടിക്കാനും ശരീരം തണുപ്പിക്കാനും ഇടയ്‌ക്കിടെ വെള്ളം ശരീരത്തിലേക്ക് ഒഴിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനക്കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.