എറണാകുളം: എഡിഎമ്മായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിൽ സംസ്ഥാന സർക്കാർ. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പാളിച്ചകൾ സംഭവിച്ചിട്ടില്ലെന്നും ഇക്കാര്യം നാളെ ഹൈക്കോടതിയെ അറിയിക്കുമെന്നും സർക്കാർ അറിയിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ എല്ലാ സംശയങ്ങളും പരിശോധിക്കും. കൊലപാതകമാണെന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കുടുംബത്തിന്റെ ഹർജിയിൽ സർക്കാരിനോടും പൊലീസിനോടും നിലപാട് തേടിയ ഹൈക്കോടതി 10 ദിവസത്തിനുള്ളിൽ ഇക്കാര്യം വ്യക്തമാക്കണമെന്നും നിർദേശിച്ചു. നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസ് ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നതെന്ന നിലപാടിലായിരുന്നു സിപിഎം സംസ്ഥാന നേതൃത്വവും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നു.