ന്യൂഡൽഹി: മുൻനിര പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം തലമുറ ഹോണ്ട അമേസ് പുറത്തിറക്കി. ആഗോളതലത്തിൽ ഹോണ്ടയുടെ പ്രധാന വിപണിയായ ഇന്ത്യയിൽ പുതുതലമുറ അമേസിന്റെ ഗ്ലോബൽ ലോഞ്ചിംഗിനാണ് വേദിയൊരുങ്ങിയത്. ഈ മോഡൽ പുറത്തിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
‘എലൈറ്റ് ബൂസ്റ്റർ സെഡാൻ’ എന്ന ആശയത്തിന് കീഴിൽ തായ്ലൻഡിലെ ഹോണ്ട ആർ&ഡി ഏഷ്യാ പസഫിക് സെന്റർ ആണ് പുതിയ അമേസ് വികസിപ്പിച്ചിരിക്കുന്നത്. സ്പോർട്ടി എക്സ്റ്റീരിയർ ഡിസൈൻ, അത്യാധുനികവും വിശാലവുമായ ഇന്റീരിയർ, നൂതന സുരക്ഷാ സാങ്കേതികവിദ്യ, സുഖപ്രദവും വിശ്വസനീയവുമായ റൈഡ് എന്നിവയാണ് അമേസിൽ ഹോണ്ട മുന്നോട്ടുവയ്‌ക്കുന്നത്. ദൃഢമായ 3-ബോക്സ് ഡിസൈനിലൂടെ 4 മീറ്ററിൽ താഴെ നീളം നിലനിർത്തിക്കൊണ്ടു തന്നെ യഥാർത്ഥ സെഡാൻ വാഹനത്തിന്റെ രൂപം അമേസ് നൽകുന്നുണ്ട്.
ഇന്ത്യയിലെ ഹോണ്ടയുടെ എൻട്രി മോഡലായ അമേസ് 2013 ൽ ആദ്യമായി പുറത്തിറക്കിയത് മുതൽ രാജ്യത്തെ 5.8 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത് കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ ഇത് ഇഷ്ടവാഹനമായി മാറിയിരുന്നു.
സുരക്ഷിതത്വത്തിന്റെയും ഡ്രൈവർ അസിസ്റ്റീവ് സാങ്കേതികവിദ്യകളുടെയും നൂതന സ്യൂട്ടായ ഹോണ്ട സെൻസിംഗ് അമേസിന്റെ പ്രത്യേകതയാണ്. ‘ഐക്കോണിക് ലൈറ്റുകളും ഇംപാക്ട്ഫുൾ സ്‌ട്രോംഗ് ഫേസും’ എന്ന സ്‌റ്റൈലിംഗ് ആശയം സമന്വയിപ്പിച്ചാണ് പുതിയ അമേസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിശാലമായ ബോൾഡ് സ്റ്റാൻസ്, സ്വാധീനമുള്ള ഫ്രണ്ട് ഫാസിയ, ശക്തമായ ഷോൾഡർ ലൈൻ എന്നിവയും കമ്പനി ഉയർത്തിക്കാട്ടുന്നു. വിശാലവും കരുത്തുറ്റതുമായ മുൻഭാഗവും കരുത്തുറ്റ ബമ്പറും സ്‌റ്റൈലിഷ്, പ്രീമിയം കോംപാക്റ്റ് സെഡാനായി അമേസിനെ മാറ്റുന്നു.
പുതുപുത്തൻ അമേസിന്റെ മുഖ്യ സവിശേഷതകൾ
- നീളം 3995 mm
- ഉയരം 1733 mm
- വീൽബേസ് 1500 mm
- ഗ്രൗണ്ട് ക്ലിയറൻസ് 2470 mm
- ബൂട്ട് സ്‌പേസ് 172 mm
- മിനിമം ടേണിംഗ് 416 L
- റേഡിയസ് 4.7 m