വ്യത്യസ്തയാർന്ന പരീക്ഷണങ്ങൾ നടത്തി ലോകശ്രദ്ധയകർഷിക്കുന്ന ബഹിരാകാശ ഏജൻസികളുടെ പട്ടികയിൽ നമ്മുടെ ഇന്ത്യയുമുണ്ടെന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. സാധാരണയായി ഒരു പേടകം വിക്ഷേപിച്ച്, ഭ്രമണപഥത്തിലെത്തിച്ച് പഠനങ്ങൾ നടത്തുന്നതാണ് പതിവ്. എന്നാൽ രണ്ട് വ്യത്യസ്ത പേടകങ്ങൾ രണ്ട് തവണയായി വിക്ഷേപിച്ച് ബഹിരാകാശത്ത് വെച്ച് കൂട്ടിയോജിപ്പിക്കുന്ന ‘സ്‌പാഡെക്സ്’ സാങ്കേതികവിദ്യ പരീക്ഷിക്കാൻ ഇസ്രോ തയ്യാറെടുക്കുകയാണ്. ഐഎസ്ആർഒ മേധാവി എസ്. സോമനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ മാസാവസനത്തോടെ സ്‌പെയ്‌ഡെക്‌സ് എന്ന സ്പെയ്സ് ഡോക്കിംഗ് എക്സ്പിരിമെൻ്റിന്റെ വിക്ഷേപണം. രണ്ട് വ്യത്യസ്ത ഉപഗ്രഹങ്ങൾ വേറെ തന്നെ വിക്ഷേപിക്കും. പിഎസ്എൽവിയുടെ ചിറകേറിയാകും വിക്ഷേപണം. തുടർന്ന് ബഹിരാകാശത്ത് വച്ച് ഇവയെ കൂട്ടിയോജിപ്പിക്കും . ഇന്ധനവും ഊർജ്ജവും കൈമാറാനും ഒരൊറ്റ പേടകം പോലെ പ്രവർത്തിക്കാനും ഇതിന് കഴിയും. പല തവണ വിക്ഷേപിച്ച വ്യത്യസ്ത ഭാഗങ്ങൾ കൂട്ടി യോജിപ്പിച്ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയം നിർമിച്ചതിന് സമാനമാകും ഈ പ്രക്രിയയും.
ചന്ദ്രയാൻ-4 ദൗത്യവും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താനാണ് ഇസ്രോ പദ്ധതിയിടുന്നത്. ചന്ദ്രനിലിറങ്ങി പാറയും മണ്ണും ശേഖരിച്ച് തിരികെ ഭൂമിയിലെത്തുന്നതാണ് ദൗത്യം. നിലവിലുള്ള റോക്കറ്റുകൾക്ക് വഹിക്കാവുന്നതിനേക്കാൾ ഭാരം ചന്ദ്രയാൻ പേടകത്തിനുണ്ടാകുമെന്നതിനാലാണ് രണ്ടായി വിക്ഷേപിക്കുന്നത്. ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിച്ച ശേഷം അത് ചന്ദ്രനിലേക്ക് പ്രയാണം തുടരും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന പേരിൽ ഇന്ത്യ വിഭാവനം ചെയ്യുന്ന ബഹിരാകാശ നിലയവും സമാന രീതിയിലാകും നിർമിക്കുക.