വത്തിക്കാൻ: കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ് ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ചുനടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് നേതൃത്വം നൽകിയത്. മാർ ജോർജ് ജേക്കബ് കൂവക്കാടിനൊപ്പം മറ്റ് 20 പേരും കർദിനാൾമാരായി സ്ഥാനമേറ്റു. അഭിമാന മുഹൂർത്തത്തിന് ഇന്ത്യൻ പ്രതിനിധി സംഘവും സാക്ഷികളായി.
ഇന്ത്യൻ സഭാ ചരിത്രത്തിലാദ്യമായാണ് വൈദിക പദവിയിൽ നിന്നും ഒരാൾ നേരിട്ട് കർദിനാൾ പദവിയിലേക്ക്എത്തുന്നത്. തന്റെ പൗരോഹിത്യത്തിന്റെ 20-ാം വർഷത്തിലാണ് അദ്ദേഹം ഈ ഉന്നതപദവിയിലേക്കെത്തുന്നത്. സിറോ മലബാർ പാരമ്പര്യത്തിലുള്ള സ്ഥാനീയ ചിഹ്നങ്ങൾ മാർപാപ്പ അണിയിച്ചു. ചടങ്ങുകളുടെ ഭാഗമായി 21 കർദിനാൾമാരുടെയും പേരുവിളിച്ചു. ഒന്നരമണിക്കൂറോളം നീണ്ടുനിന്ന ചടങ്ങുകളിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി,ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ചങ്ങനാശേരി അതിരൂപതാംഗം മാർ ജോർജ് ജേക്കബ് കൂവക്കാട് തന്റെ 51-ാം വയസിൽ കർദിനാളായി സ്ഥാനാരോഹണം ചെയ്യുന്നത് കാണാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വത്തിക്കാനിൽ എത്തിയിരുന്നു.