ഖത്തർ: യുഎസ് ഡോളറിന് തുല്യമായി പുതിയ കറൻസി ആരംഭിക്കുന്നത് പരിഗണനയിലില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഖത്തറിൽ ദോഹ ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യു എസ് ഡോളറിനെ ദുർബലപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഉദ്ദേശ്യവും ബ്രിക്സ് രാജ്യങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് രാജ്യങ്ങൾ പൊതു കറൻസിക്കുള്ള പദ്ധതികളുമായി മുന്നോട്ട് പോയാൽ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാന്റെ ക്ഷണപ്രകാരമാണ് ജയശങ്കർ ദോഹ ഫോറത്തിൽ പങ്കെടുത്തത്.
ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നിലെ പ്രേരണ എന്താണെന്ന് അറിയില്ല. ബ്രിക്‌സ് രാജ്യങ്ങൾ യുഎസ് ഡോളറിനെ ദുർബലപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഇന്ത്യ ഒരിക്കലും ഡോളറിന്റെ മൂല്യത്തകർച്ചയ്‌ക്ക് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത് . 2023-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവയാണ് പുതിയ പൊതു കറൻസിയെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ട് വെച്ചത്.