നമ്മൾ കഴിക്കുന്ന ആഹാരവും കാൻസറും തമ്മിലുള്ള ബന്ധം നിഷേധിക്കാനാവാത്തതാണ്. ഈ മാരക രോഗത്തെ ക്ഷണിച്ച് വരുത്തുന്നതിനോ ചെറുക്കുന്നതിനോ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, റെഡ് മീറ്റ്, മധുര പാനീയങ്ങൾ, എന്നിവ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. അതേസമയം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നീ ഭക്ഷണങ്ങൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനാവശ്യമായ ആന്റിഓക്സിഡന്റുകളും സംയുക്തങ്ങളും നൽകുന്നു.
എന്നാൽ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ ഒരു പഠനം വെളിച്ചം വീശുന്നത് മറ്റൊരു കണ്ടെത്തലിലേക്കാണ്. ഡ്രൈ ഫ്രൂട്ട്സുകൾക്ക് വിവിധതരത്തിലുള്ള കാൻസറുകളെയും മറവി രോഗത്തെയും തടയാൻ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസേന ഒരുപിടി ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നത് സ്തന, വൻകുടൽ, പാൻക്രിയാറ്റിക് കാൻസറുകൾ ഉൾപ്പെടെയുള്ള 17 തരം കാൻസറുകളുടെ സാധ്യത കുറയ്‌ക്കും. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, എന്നിവയാൽ സമ്പുഷ്ടമായ ബദാം, വാൽനട്ട്, പിസ്ത തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഓക്സിഡേറ്റിവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്‌ക്കാൻ സഹായിക്കുന്നു.
ട്യൂമർ വളർച്ചയെ തടയുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളമടങ്ങിയ ബദാം, ഉണക്കമുന്തിരി എന്നിവ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വൻകുടലിനെ ബാധിക്കുന്ന കാൻസർ തടയാനും സഹായിക്കുന്നു. ഭക്ഷണത്തിനൊപ്പം ഡ്രൈ ഫ്രൂട്ട്സും നട്ട്സും ദിവസേന ഉൾപ്പെടുത്തുകയോ ലഘുഭക്ഷണമായി ഇവ കഴിക്കുകയോ ചെയ്യാം. നേരിട്ട് കഴിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് സ്മൂത്തിയിലും സാലഡുകളിലും ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്താം. എന്നാൽ മധുരപലഹാരങ്ങൾ, ചോക്ലേറ്റ് എന്നിവയോടൊപ്പം ഇവ കഴിക്കുന്നത് അത്ര ഗുണകരമാവില്ലെന്നാണ് വിദഗ്ധർ പറയുന്നത്.