ജമ്മു: ഹിന്ദുത്വ എന്നാൽ ഒരു രോഗമാണെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ. ഹൈന്ദവതയെ അപകീർത്തിപ്പെടുത്തുകയും മുസ്ലീങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതാണ് ഹിന്ദുത്വയെന്നാണ് ഇൽതിജയുടെ പ്രതികരണം. ഹിന്ദുത്വ ഉപയോഗിച്ച് ബിജെപി വോട്ടുബാങ്ക് ശക്തിപ്പെടുത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എക്സിലൂടെയായിരുന്നു ഇൽതിജയുടെ പ്രതികരണം. ഹിന്ദുക്കൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇൽതിജ മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം.
രാമൻ ലജ്ജയോടെ തലതാഴ്‌ത്തി നിസ്സഹായനായി നോക്കി നിൽക്കുകയാണ്. കാരണം രാമന്റെ പേരുപറയാൻ വിസ്സമതിച്ച മുസ്ലീം ആൺകുട്ടിയെ ചെരുപ്പൂരി അടിക്കുന്ന കാഴ്ചയാണ് രാമൻ കാണുന്നത്. ഹിന്ദുത്വ എന്നാൽ ഒരു രോഗമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ പടർന്നുപിടിച്ച രോഗം. – അവർ എക്സിൽ കുറിച്ചു.
ഹിന്ദുത്വയും ഹിന്ദൂയിസവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. വിദ്വേഷം പരത്തുന്നതാണ് ഹിന്ദുത്വ. ഹിന്ദുക്കളുടെ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് സവർക്കർ 1940കളിൽ പ്രചരിപ്പിച്ചിരുന്നത് ഇതാണ്. എന്നാൽ ഹിന്ദൂയിസം ഇസ്ലാം പോലെയാണ്. അതൊരു മതമാണ്. മതേതരത്വവും സ്നേഹവും അനുകമ്പയും പ്രോത്സാഹിപ്പിക്കുന്ന മതം. ഹിന്ദുത്വയ്‌ക്കെതിരെ പറഞ്ഞ ഓരോ വാക്കുകളിലും ഞാൻ ഉറച്ചുനിൽക്കുന്നു. ഹിന്ദുത്വ രോഗമാണ്. അതിന് പരിഹാരം കാണുക തന്നെ വേണം. – ജമ്മുവിൽ എത്തിയ ഇൽതിജ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.