കോഴിക്കോട്: റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട ആൽവിന്റെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ആൽവിൻ റീൽ ഷൂട്ട് ചെയ്ത ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ബെൻസ് കാറാണ് ആൽവിനെ ഇടിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ ഡിഫെൻഡർ കാറാണ് ആൽവിനെ ഇടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് ആദ്യം പറഞ്ഞത്. ബെൻസ് കാർ സാബിത്താണ് ഓടിച്ചിരുന്നത്. തുടർന്ന് സാബിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചു, ഇൻഷുറൻസില്ലാതെ വാഹനമോടിച്ചു, മനപ്പൂർവ്വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാഹനങ്ങളോടിച്ച സാബിത്തിന്റെയും റയീസിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഗതാഗത നിയമങ്ങൾ ലംഘിച്ച് അപകടങ്ങൾ വരുത്തിവയ്‌ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
സ്വകാര്യസ്ഥാപനത്തിനായി പ്രമോഷൻ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട്- പുതിയാപ്പ കടൽത്തീര റോഡിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. ആക്സസറീസ്- പോളിഷിംഗ് ഡീറ്റൈയിലിംഗ് സ്ഥാപനത്തിന് വേണ്ടിയായിരുന്നു വീഡിയോ ചീത്രീകരണം.
രണ്ട് കാറുകൾ അമിത വേഗത്തിലെത്തുന്നത് ചിത്രീകരിക്കുകയായിരുന്നു ആൽവിൻ. ഇതിനിടെ ഒരു കാറിടിച്ച് ആൽവിൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.