ബെംഗളൂരു: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും പീഡനത്തിൽ മനംനൊന്ത് ബെംഗളൂരുവിൽ ടെക്കിയായ യുവാവ് മരിച്ചതിന് പിന്നാലെ നഗരത്തിൽ വീണ്ടും സമാനമായ മരണം. 34-കാരനായ പൊലീസ് കോൺസ്റ്റബിളാണ് ബെംഗളൂരുവിൽ ജീവനൊടുക്കിയത്.
ഭാര്യയുടേയും ഭാര്യാപിതാവിന്റെയും പീഡനം സഹിക്കാൻ കഴിയാതെയാണ് മരിക്കാൻ തീരുമാനിച്ചതെന്ന് കോൺസ്റ്റബിളായ എച്ച്.സി തിപ്പണ്ണ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ട്രെയിനിന് മുൻപിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി ഹീലാലിജെ സ്റ്റേഷനും കാർമെലാരം ഹുസഗുരു റെയിൽവേ ഗേറ്റിനും ഇടയിലായിരുന്നു സംഭവം. സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസെടുത്തു.
ഭാര്യ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് 34-കാരനായ അതുൽ സുഭാഷ് കഴിഞ്ഞയാഴ്ചയായിരുന്നു ജീവനൊടുക്കിയത്. 24 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഇത്രയും കാലം ഭാര്യയിൽ നിന്ന് നേരിട്ട പീഡനങ്ങൾ സുഭാഷ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.