ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാർഷിക വേളയിൽ എത്തിനിൽക്കുമ്പോൾ, ഇത് അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തെ സ്നേഹിക്കുന്ന ഓരോ പൗരന്മാർക്കും ഇത് അഭിമാന മുഹൂർത്തമാണെന്നും ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ പ്രതിപക്ഷത്തിന് നൽകിയ മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
“ഇന്ത്യൻ ഭരണഘടന ലോകത്തിന് തന്നെ മാതൃകയാണ്. ഭരണഘടനയുടെ 75 വർഷത്തെ യാത്ര അഭിമാനകരമായിരുന്നു. ഇന്ത്യൻ ജനാധിപത്യം ലോകത്തെ പ്രചോദിപ്പിക്കുന്നു. പാർലമെന്റും ഈ ഉത്സവത്തിൽ പങ്കുചേർന്നത് സന്തോഷകരമാണ്. ഭരണഘടനാ ശിൽപികളുടെ അഭിലാഷങ്ങൾ ജനങ്ങൾ നിറവേറ്റി. ജനാധിപത്യം ഇന്ത്യയുടെ ആത്മാവാണെന്ന് ചില മഹാന്മാർ പറഞ്ഞിട്ടുണ്ട്.
ഭരണഘടനാ അസംബ്ലിയിലെ വനിതാ അംഗങ്ങളുടെ സംഭാവന മഹത്തരമാണ്. വനിതാ സംവരണ ബില്ല് എല്ലാവരും ചേർന്ന് പാസാക്കി. സ്ത്രീകൾക്ക് സർക്കാർ എന്നും മുൻഗണന നൽകുന്നുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം സർക്കാർ ഉയർത്തി. ആദ്യം മുതലേ ഇന്ത്യ സ്ത്രീകൾക്ക് വോട്ടവകാശം നൽകി”.
വികസിത രാജ്യമാകാൻ ഐക്യം അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിപ്പിക്കാൻ അംബേദ്കർ ആഹ്വാനം ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ രാജ്യത്ത് പിടിമുറുക്കി. ഈ സ്വാർത്ഥത രാജ്യത്തിന് വിലങ്ങുതടിയായി. നാനാത്വത്തെ ആഘോഷിക്കേണ്ടതിന് പകരം രാജ്യത്ത് ഭിന്നത സൃഷ്ടിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കുടുംബം ഭരണഘടനയെ തകർത്തെന്നും അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി ഭരണഘടനയിൽ മാറ്റം വരുത്തിയെന്നും പ്രധാനമന്ത്രി വിമർശിച്ചു.