മുംബൈ: ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നെന്ന് അറിയപ്പെടുന്ന താജ്മഹൽ പണിത തൊളിലാളികളുടെ കൈകൾ വെട്ടിമാറ്റിയപ്പോൾ, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിച്ച തൊഴിലാളികളെ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചതാണ് പുതിയ ഭാരതമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ഇന്ന് തൊഴിലാളികളെ ബഹുമാനിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിൽ വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ, ക്ഷേത്രത്തിന്റെ നിർമാണ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിക്കുന്നത് നാമെല്ലാം കണ്ടിരുന്നു. നിർമാണ തൊഴിലാളികൾക്ക് പുഷ്പങ്ങൾ നൽകിയും അവരുടെ മുകളിൽ പുഷ്പങ്ങൾ വിതറിയും പ്രധാനമന്ത്രി അവരെ ആദരിച്ചു. എന്നാൽ, പണ്ട്, നിർമാണ തൊഴിലാളികളുടെ കൈകൾ വെട്ടിമാറ്റിയ ഭരണാധികാരികൾ ഇവിടെയുണ്ടായിരുന്നു. താജ്മഹൽ നിർമിച്ച പ്രഗത്ഭരായ തൊഴിലാളികളുടെ കൈകൾ വെട്ടിമാറ്റപ്പെട്ടു. രാജ്യം ഇന്ന് തൊഴിലാളികളെ ബഹുമാനിക്കുകയും അവർക്ക് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
17-ാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഷാജഹാൻ, തന്റെ ഭാര്യ മുംതാസിന്റെ ഓർമയ്‌ക്ക് വേണ്ടി നിർമിച്ച താജ്മഹാലിന്റെ നിർമാണ തൊഴിലാളികളുടെ കൈകൾ വെട്ടിമാറ്റിയതായി ചരിത്രത്തിൽ പറയപ്പെടുന്നു. താജ്മഹാൽ പോലെ മറ്റൊരു നിർമിതി ലോകത്ത് ഇനി ഉണ്ടാകരുതെന്ന ശാഠ്യത്തിലായിരുന്നു ഈ കടുത്ത നീക്കം. ഇതിനെ പരാമർശിച്ചായിരുന്നു യോഗി ആദിത്യനാഥിന്റെ വാക്കുകൾ.
സംസ്കാരത്തിന്റെയും വികസനത്തിന്റെയും കൂടിച്ചേരലാണ് ഭാരതം. ഒരു നേരത്തെ ഭക്ഷണത്തിനായി പാകിസ്താനിലെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. പാകിസ്താൻ യാചിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ, മതത്തിന്റെയോ ജാതിയുടെയോ പേരിൽ യാതൊരു വിവേചനവുമില്ലാതെ രാജ്യത്തെ 80 കോടി പൗരന്മാർക്ക് കേന്ദ്ര സർക്കാർ സൗജന്യ റേഷൻ വിതരണം ചെയ്യുകയാണ്. മസ്തിഷ്‌കവീക്കത്തിന് വാക്‌സിൻ ഇന്ത്യയിലെത്തിക്കാൻ 100 വർഷമെടുത്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വെറും ഒമ്പത് മാസം കൊണ്ടാണ് കൊവിഡ് -19 വാക്സിൻ രാജ്യത്ത് നിർമിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.