ന്യൂഡൽഹി: വോട്ടിങ് മെഷീനുകൾക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളിന്മേൽ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. വിജയിക്കുമ്പോൾ അത് വലിയ രീതിയിൽ ആഘോഷിക്കുകയും, പരാജയപ്പെടുമ്പോൾ മാത്രം ഇവിഎമ്മുകളെ കുറ്റപ്പെടുത്തുന്നതുമായ രീതി ശരിയല്ലെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ വിമർശനം. പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഒമർ അബ്ദുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്.
” ഇവിഎമ്മുകളിലൂടെ തന്നെയാണ് പാർലമെന്റിലേക്ക് നൂറിലധികം അംഗങ്ങളെ നിങ്ങൾക്ക് ലഭിച്ചത്. അത് പാർട്ടിയുടെ വലിയ വിജയമായി അവർ ആഘോഷിച്ചു. കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ തിരിച്ചടി കിട്ടുമ്പോൾ മാത്രം നിങ്ങൾ അതിനെ കുറ്റപ്പെടുത്തുന്നു. അത്തരം രീതികൾ അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് ഫലങ്ങൾ എല്ലായ്‌പ്പോഴും നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മാത്രമല്ല വരുന്നത്. ഇവിഎമ്മുകളിൽ പ്രശ്‌നമുണ്ടെങ്കിൽ ആ വിഷയത്തിൽ നിങ്ങൾ സ്ഥിരത പുലർത്തണം.
വോട്ടിങ് സംവിധാനത്തിൽ വിശ്വാസമില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകരുത്. കോൺഗ്രസ് തെറ്റായ രീതിയിലാണ് പല പ്രതികരണങ്ങളും നടത്തുന്നതെന്നും” ഒമർ അബ്ദുള്ള പറയുന്നു. തെരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും അത് അംഗീകരിക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ പാർട്ടികളും അത് അവരുടെ പരാജയത്തിന്റെ ഒഴിവുകഴിവായി ഉപയോഗിക്കരുത്. പരാജയം നേരിട്ട ഒരു ഘട്ടത്തിലും താൻ വോട്ടിങ് യന്ത്രങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും” ഒമർ അബ്ദുള്ള പറയുന്നു. ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ ഇവിഎമ്മുകളേയും തെരഞ്ഞെടുപ്പ് ഫലത്തേയും കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ആയിരുന്നു ഒമർ അബ്ദുള്ളയുടെ വിമർശനം.