പോഷകസമ്പന്നമാണ് ഈന്തപ്പഴമെന്ന് എല്ലാവർക്കുമറിയാം. പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്‌ക്കുന്നതിനുമൊക്കെ ഏറെ സഹായകമാണ് ഈന്തപ്പഴം. ക്ഷീണം അകറ്റാനും പേശികളുടെ ബലം വർദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.
ദിവസവും മൂന്ന് മുതൽ അഞ്ച് ഈന്തപ്പഴം വരെ കഴിക്കാവുന്നതാണ്.
എന്നാൽ ഈ ഇന്തപ്പഴം പാലിനൊപ്പം കഴിച്ചിട്ടുണ്ടോ? രുചി മാത്രമല്ല ആരോഗ്യത്തിനും ഇത് ഗുണം ചെയ്യുമെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകൾ പറയുന്നത്. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ തുടങ്ങി ശരീരത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളെല്ലാം തന്നെ പാലിൽ അടങ്ങിയിട്ടുണ്ട്. ചെറുചൂടുള്ള പാലിൽ രണ്ട് ഈന്തപ്പഴം കുതിർത്ത് കഴിച്ചാൽ നിരവധി ഗുണങ്ങളാണുള്ളത്. രാവിലെ കുതിർത്ത് വച്ച് രണ്ടോ മൂന്നോ മണിക്കൂറിന് ശേഷം കഴിക്കാവുന്നതാണ്. മിക്സിയിൽ അടിച്ചും കഴിക്കാം. ഇങ്ങനെ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം..
- പേശികൾക്ക് ബലം ലഭിക്കും. പാലിലും ഈന്തപ്പഴത്തിലും അടങ്ങിയിട്ടുള്ള പ്രോട്ടീനാണ് പേശിബലം നൽകുന്നത്.
- വിളർച്ചയെ തടയുന്നു. രക്തക്കുറവ് കാരണമുണ്ടാകുന്ന തലക്കറക്കം, അമിതമായ ക്ഷീണം തുടങ്ങിയവ കുറയ്‌ക്കാനും ഇത് സഹായിക്കും.
- ചർമത്തിന്റെ ആരോഗ്യത്തിന്. പാലിലും ഈന്തപ്പഴത്തിലും അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചർമത്തിന്റെ ആരോഗ്യം കാക്കുന്നു. കൊളാജെൻ വർദ്ധിപ്പിക്കാൻ കാരണമാകുന്നു. പാലിൽ കുതിർത്ത ഈന്തപ്പഴൺ മുഖത്ത് തേക്കുന്നതും നല്ലതാണ്.
- ഈന്തപ്പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമുള്ളതാക്കി മാറ്റും.
- ഓർമശക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ ബി6 ഇതിൽ അടങ്ങിയിട്ടുണ്ട്.
- ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ ബി6 എന്നിവ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
- ഉറക്കക്കുറവുള്ളവർക്കുള്ള ബെസ്റ്റ് ഓപ്ഷനാണ് ഇത്. ഇതിലടങ്ങിയിരിക്കുന്ന ട്രൈടോഫാനാണ് ഉറക്കം നൽകുന്നത്. നാഡിവ്യവസ്ഥയെ ശാന്തമാക്കുന്ന മഗ്നീഷ്യവും ഇതിലടങ്ങിയിട്ടുണ്ട്.
- ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. നാരുകൾ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു.