ഇന്ത്യയിൽ നിന്നുള്ള സ്മാർട്ട് ഫോണുകളുടെ കയറ്റുമതി നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നവംബർ മാസത്തിൽ കയറ്റുമതിയിൽ 92 ശതമാനം വർധനയുണ്ടായി. നവംബറിൽ 20,000 കോടിയുടെ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിൽ 10,634 കോടി രൂപയുടെ സ്‌മാർട്ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തത്. അതിനെ അപേക്ഷിച്ച് ഇത്തവണ കയറ്റുമതിയിൽ ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത് .
സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആപ്പിൾ ആണ് മുന്നിൽ . ആപ്പിൾ കഴിഞ്ഞാൽ അടുത്ത സ്ഥാനം സാംസങ്ങിനാണ്. നവംബറിൽ 14,000 കോടി രൂപയുടെ ആപ്പിൾ ഐഫോണുകൾ കയറ്റുമതി ചെയ്തു . ഇന്ത്യയിൽ നിന്നുള്ള ഇതുവരെയുള്ള ഏറ്റവും ഉയർന്ന കയറ്റുമതിയാണിത്. ഒക്ടോബറിൽ 12,000 കോടി രൂപയുടെ ഐഫോണുകളാണ് കയറ്റുമതി ചെയ്തത് . ആപ്പിളിന് വേണ്ടി ഫോക്‌സ്‌കോൺ, പെഗാട്രോൺ, ടാറ്റ ഇലക്‌ട്രോണിക്‌സ് എന്നിവരാണ് ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നത്. ഫോക്‌സ്‌കോണിന്റെ തമിഴ്‌നാട് യൂണിറ്റാണ് ഏറ്റവും കൂടുതൽ ഉൽപ്പാദനം നടത്തുന്നത്
സ്മാർട്ട്‌ഫോൺ ആക്‌സസറികൾ നിർമ്മിക്കുന്ന കമ്പനികളും ഇന്ത്യയിൽ ആരംഭിക്കാനുള്ള നീക്കങ്ങൾ നടത്തുന്നുണ്ട് . ഇവയെല്ലാം വരും ദിവസങ്ങളിൽ ഇന്ത്യൻ ഉൽപ്പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.