ഇൻഡോർ: മൂന്ന് വയസ്സുള്ള മകൾക്ക് ഭക്ഷണത്തിൽ ചേർത്ത് നൽകാനായി അൽപ്പം നെയ്യ് ചോദിച്ചതിന് ഭാര്യയ്‌ക്ക് നേരെ ഭർത്താവിന്റെ ക്രൂരത. കോടാലി കൊണ്ട് അടിയേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ നിന്നാണ് നടുക്കുന്ന വിവരം പുറത്ത് വന്നത്.
സീമ ശാക്യ- വീരേന്ദ്ര ശാക്യ ദമ്പതികൾക്ക് ഒരു മകളാണ്. സീമ പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. ഇക്കാര്യം പറഞ്ഞ് ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു. ആക്രമണം നടന്ന രാത്രിയിൽ നെയ്യൊഴിച്ച് ചപ്പാത്തി കഴിക്കുകയായിരുന്നു വീരേന്ദ്ര. ഇതിനിടെയാണ് അൽപ്പം നെയ്യ് കുഞ്ഞിന് നൽകാനായി ചോദിച്ചത്. ദേഷ്യം വന്ന യുവാവ് ഭാര്യയെ അസഭ്യം പറയുകയും കോടാലി കൊണ്ട് തലയ്‌ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ബഹോദാപൂർ പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ എഫ്ഐആറിൽ കോടലിക്ക് പകരം വടികൊണ്ട് ആക്രമിച്ചു എന്ന് ആക്കി മാറ്റിയതോടെ യുവതി എസ്പിക്ക് നേരിട്ട് പരാതി നൽകി. “അപ്‌നേ മായ്‌കെ സേ ലയി ഹോ ക്യാ?” എന്ന് പറഞ്ഞ് ഭർത്താവ് തന്നെ നിരന്തരം പരിഹസിക്കാറുണ്ടെന്നും സംഭവ ദിവസം നിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് നെയ്യ് കൊണ്ടുവന്നോ എന്ന് ചോദിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു.