ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ- അഹമ്മദ്- അൽ- ജാബർ അൽ- സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലേത്തുന്നത്. ഡിസംബർ 21- 22 തീയതികളിൽ സന്ദർശനം നടത്തും.
43 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സന്ദർശനവേളയിൽ കുവൈത്ത് നേതൃത്വവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ സമൂഹമായും അദ്ദേഹം സംവദിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയും കുവൈത്തും പരമ്പരാഗതമായി സൗഹൃദം പങ്കിടുന്നവരാണ്. അത് ചരിത്രത്തിൽ വേരൂന്നിയതും ജനങ്ങളുടെ ബന്ധത്തിൽ വേരൂന്നിയതുമാണ്. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹമെന്നും വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.
നേരത്തെ ഇന്ത്യ സന്ദർശിച്ച കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുള്ള അലി അൽ- യഹ്യ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണത്തിനായുള്ള സംയുക്ത കമ്മീഷൻ സ്ഥാപിക്കാനുള്ള ധാരണയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു.