സ്ത്രീകൾ ലോലമായ പുഷ്പങ്ങളാണെന്നും, അവരെ വീട്ടുജോലിക്കാരായി കാണരുതെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി. ഇറാനിൽ സ്ത്രീകൾ അവരുടെ അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെയാണ് ആയത്തുള്ള അലി ഇത്തരമൊരു ട്വീറ്റ് പങ്കുവച്ചത്. ” സ്ത്രീകൾ ലോലമായ പുഷ്പങ്ങളെ പോലെയാണ്. അവർ വീട്ടിലെ ജോലിക്കാരല്ല. സ്ത്രീകളെ പുഷ്പങ്ങളെ പോലെ പരിഗണിക്കണം. അവരെ അതുപോലെ സംരക്ഷിച്ച് പരിപാലിക്കണം.
ഈ പുഷ്പങ്ങളെ എല്ലായ്‌പ്പോഴും പുതുമയുള്ളതും സുഗന്ധപൂരിതവുമായി നിർത്തണം. ചുറ്റുമുള്ള വായുവിൽ പോലും സുഗന്ധം പരത്താൻ ഈ പുഷ്പങ്ങൾ ഉപയോഗിക്കണമെന്നുമാണ്” ഒരു ട്വീറ്റിൽ ഖമനേയി പറയുന്നത്. ഇറാനിൽ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് വിവിധ ലോകരാജ്യങ്ങളും, മനുഷ്യാവകാശ സംഘടനകളും വിമർശനം ഉയർത്തുന്നത്. എന്നാൽ ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകളെ ഇറാൻ ജയിലിലടയ്‌ക്കുന്നതും പീഡിപ്പിക്കുന്നതും ഇപ്പോഴും തുടരുകയാണ്. ഇതോടെ ഖമനേയിയുടെ ഈ ട്വീറ്റ് പൊള്ളത്തരമാണെന്ന വിമർശനം ഉയർന്നതോടെ മറ്റൊരു ട്വീറ്റും ഇതിന് പിന്നാലെ പങ്കുവച്ചിരുന്നു.
” ഒരു കുടുംബത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ കടമകളാണുള്ളത്. കുടുംബത്തിലെ ചെലവുകൾ പുരുഷന്മാരാണ് നോക്കേണ്ടത്. അതേസമയം പ്രസവിക്കാനുള്ള കടമ സ്ത്രീകളുടേതാണ്. ഇതെല്ലാം വ്യത്യസ്തമായ ഗുണങ്ങളാണെന്നും ഇവയെ അടിസ്ഥാനമാക്കിയല്ല സ്ത്രീകളുടേയും പുരുഷന്മാരുടേയും അവകാശങ്ങൾ കണക്കാക്കുന്നതെന്നും” ഖമനേയി പറയുന്നു. സ്ത്രീകൾക്കെതിരായ എല്ലാ വിവേചനങ്ങളും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം അംഗീകരിച്ച ദിവസം തന്നെയാണ് ഖമനേയി ഈ പരാമർശം നടത്തിയിരിക്കുന്നത്.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് 2022ൽ മഹ്‌സ അമിനിയെന്ന 22കാരിയുടെ മരണത്തിലേക്ക് നീണ്ട സംഭവങ്ങൾക്ക് ശേഷം നിരവധി സ്ത്രീകൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. സ്വേച്ഛാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും, സ്ത്രീകളെ അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാകില്ലെന്നുമായിരുന്നു പ്രധാന വിമർശനം. പൊതുഇടങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രം ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന നിയമം ഖമനേയി ഭരണകൂടം സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. നൂറുകണക്കിന് പേർ മരിക്കുകയും, പതിനായിരത്തോളം ആളുകൾ അറസ്റ്റിലാവുകയും ചെയ്തിരുന്നു.