ബെംഗളൂരു: കർണാടകയിൽ ബിജെപി യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊന്ന കേസിൽ നിരോധിത തീവ്രവാദ സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൊഡാജെ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്ത് NIA. ബഹ്‌റൈനിൽ നിന്നെത്തിയ പ്രതിയെ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വകവരുത്തേണ്ടവരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി പിഎഫ്ഐയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് വിളിച്ചുചേർത്ത് പ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും മിട്ടൂരിലെ ഫ്രീഡം കമ്യൂണിറ്റി ഹാളിൽ വച്ച് ടീമംഗങ്ങൾക്ക് ആയുധ പരിശീലനം നൽകുകയും ചെയ്തത് മുഹമ്മദ് ഷെരീഫാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഷെരീഫിന്റെ മാർഗനിർദേശങ്ങളാണ് നെട്ടാരുവിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി.
2022 ജൂലൈ 26നാണ് ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിനെ PFI ഭീകരർ കൊലപ്പെടുത്തുന്നത്. ദക്ഷിണ കന്നഡയിലായിരുന്നു സംഭവം. അതേവർഷം ഓഗസ്റ്റ് നാലിന് എൻഐഎ കേസ് ഏറ്റെടുത്തു. കേസിൽ ആകെ 23 പ്രതികളാണ് ഉള്ളത്. ഇതിൽ 20 പേരും അറസ്റ്റിലായി. ഒളിവിൽ കഴിയുന്ന മൂന്ന് പേർക്കായി അന്വേഷണം തുടരുകയാണ്.