ബാറ്റിംഗ് മഹാരഥന്മാരിൽ ഒരാളെന്നതിലുപരി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റ് താരം വിരാട് കോലിയുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. 2018 -19 സീസണിൽ ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം പോലുള്ള ചരിത്ര നിമിഷങ്ങൾ കോലിയുടെ നായകത്വത്തിന് കീഴിൽ നേടിയെടുത്തവയാണ്. എന്നാൽ വ്യക്തിഗത നേട്ടങ്ങളിൽ ആവോളം പ്രശംസ നേടിയിട്ടുണ്ടെങ്കിലും ക്യാപ്റ്റൻസി കാലഘട്ടം താരത്തിനത്ര സുഖകരമായിരുന്നില്ല.
ഈ കാലഘട്ടം ഒരു ക്യാപ്റ്റനെന്ന നിലയിൽ കോലിക്ക് പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ താരത്തിന്റെ അധികമാരും അറിയാത്ത വൈകാരിക നിമിഷങ്ങളെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കോലിയുടെ ഭാര്യ അനുഷ്‌കാ ശർമയുടെ സുഹൃത്തും നടനുമായ വരുൺ ധവാൻ. 2018 ൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നേരിടേണ്ടിവന്ന പരമ്പര തോൽവി കോലിയിലെ ക്യാപ്റ്റനെ മാനസികമായി തളർത്തി. ബർമിംഗ്ഹാം ടെസ്റ്റിന് ശേഷം കോലിയെ തെരഞ്ഞ് റൂമിൽ ചെന്ന അനുഷ്ക കാണുന്നത് കിടക്കയിൽ മുഖമമർത്തി നിരാശനായി കരയുന്ന കോലിയെയാണ്. ക്യാപ്റ്റൻസിയുടെ സമ്മർദങ്ങളും തിരിച്ചടി നേരിടുമ്പോഴുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളുമെല്ലാം ഇതിനൊരു കാരണമാണെന്ന് വരുൺ ധവാൻ പറയുന്നു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 149 റൺസും രണ്ടാം ഇന്നിങ്സിൽ 51 റൺസുമെടുത്ത് ടീമിന് കരുത്ത് പകർന്നെങ്കിലും ഇന്ത്യക്ക് 31 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. തന്റെ പ്രകടനം മികച്ചതായിരുന്നിട്ടും ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം കോലി ഏറ്റെടുത്തു. തോൽവി ഒഴിവാക്കാൻ തനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന നിരാശയിലാണ് കോലി വേദനിച്ചതെന്ന് വരുൺ ധവാൻ പറഞ്ഞു. ക്രിക്കറ്റ് മൈതാനത്ത് വാശിയും ആക്രമണാത്മക ബാറ്റിങ്ങും പുറത്തെടുക്കുന്ന കോലിക്ക് ഇങ്ങനെയൊരു വശം ഉണ്ടെന്നറിഞ്ഞത് തന്നെയും അത്ഭുതപ്പെടുത്തിയെന്ന് താരം കൂട്ടിച്ചേർത്തു.