ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന സ്വർഗീയ രൺജീത് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി വെളളക്കിണറിലെ രൺജീത് ശ്രീനിവാസന്റെ വീട്ടിൽ എത്തിയത്.
ബിജെപി ആലപ്പുഴ ജില്ലാ അദ്ധ്യക്ഷൻ എംവി ഗോപകുമാറും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. രൺജീത് ശ്രീനിവാസന്റെ അമ്മ വിനോദിനി, ഭാര്യ ലിഷ, മക്കളായ ഭാഗ്യ, ഹൃദ്യ എന്നിവരോട് സുരേഷ് ഗോപി സംസാരിച്ചു. നേരത്തെ പത്താം ക്ലാസ് പരീക്ഷയിൽ മകൾ ഭാഗ്യ ഉന്നത വിജയം നേടിയപ്പോഴും സുരേഷ് ഗോപി അഭിനന്ദനമറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു രൺജീത് ശ്രീനിവാസന്റെ മൂന്നാം ബലിദാന ദിനാചരണം. ആലപ്പുഴ നഗരത്തിലും വസതിയിലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഉൾപ്പെടെ നടന്നിരുന്നു. മുതിർന്ന ആർഎസ്എസ് പ്രചാരകൻ സേതുമാധവൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരും അന്ന് വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിക്കുകയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ആലപ്പുഴയിലെ പുതിയ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിനിടെയും കേന്ദ്രമന്ത്രി രൺജീത് ശ്രീനിവാസന്റെ കാര്യം പരാമർശിച്ചിരുന്നു. ഓഫീസിന്റെ ഭാഗമായി നിർമ്മിച്ച രൺജീത് ശ്രീനിവാസൻ സ്മാരക മീഡിയ ഹാളിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
2021 ഡിസംബർ 19 ന് രാവിലെ ആലപ്പുഴയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന രൺജീത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് മതഭീകരർ കിടപ്പുമുറിയിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.