പത്തനംതിട്ട: പന്തളം നഗരസഭയിൽ അധികാരം നിലനിർത്തി ഭാരതീയ ജനതാ പാർട്ടി. ബിജെപി കൗൺസിലർമാർക്ക് പുറമേ സ്വതന്ത്ര അംഗത്തിന്റെയും പിന്തുണയോടെ ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ ബിജെപി നിലനിർത്തി.
ബിജെപി കൗൺസിലർമാർക്ക് പുറമേ നഗരസഭയിൽ സ്വതന്ത്ര അംഗമായിരുന്ന രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപിയെ പിന്തുണച്ചു. ഇതോടെ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം 19 ആയി. അച്ചൻ കുഞ്ഞ് ജോണിനെ ചെയർമാനായി തെരഞ്ഞെടുത്തപ്പോൾ, വൈസ് ചെയർപേഴ്സണായി യു. രമ്യ രണ്ടാംതവണ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഇവരെ പിന്തുണച്ച സ്വതന്ത്ര അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ പിന്നീട് ബിജെപിയിൽ ചേർന്നു.
ഇരുസ്ഥാനങ്ങളിലേക്കും എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾക്ക് 9 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 5 യുഡിഎഫ് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. പന്തളത്ത് ഇൻഡി മുന്നണിക്ക് നാണംകെട്ട തോൽവിയാണ് ലഭിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ടിനുള്ള മറുപടിയാണ് സ്വതന്ത്ര അംഗം ബിജെപിക്ക് ഒപ്പം ചേർന്നതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും പറഞ്ഞു.
മുൻ നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ്, ഉപാദ്ധ്യക്ഷ യു രമ്യ എന്നിവർക്കെതിരെ എൽഡിഎഫ് കൊണ്ടുവരാൻ ശ്രമിച്ച അവിശ്വാസത്തിന് യുഡിഎഫിന്റെ പിന്തുണ ലഭിച്ചിരുന്നു. ഈ അവിശ്വാസം അവതരിപ്പിക്കാൻ രണ്ടുദിവസം ബാക്കി നിൽക്കെയായിരുന്നു ഇരുവരും രാജിവച്ചത്. സിപിഎം-കോൺഗ്രസ് ഭരണ അട്ടിമറി ശ്രമങ്ങളെ തോൽപ്പിക്കാൻ കഴിഞ്ഞതിൽ ബിജെപി പ്രവർത്തകർ പന്തളത്ത് ആഹ്ളാദ പ്രകടനം നടത്തി.
നിലവിൽ പന്തളം നഗരസഭയിൽ ഭരണകക്ഷിയായ ബിജെപിക്ക് 19, എൽഡിഎഫ് 9, യുഡിഎഫ് 5 എന്നിങ്ങനെയാണ് കക്ഷിനില. പാർട്ടിയിൽ നിന്ന് സസ്പെൻഡ് പ്രിയപ്പെട്ട നഗരസഭ കൗൺസിലർ കെവി പ്രഭയുടെ സസ്പെൻഷൻ ബിജെപി പിൻവലിച്ചിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.