മുംബൈ: ബോസിനൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ച ഭാര്യയെ മുത്വലാഖ് ചൊല്ലി സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ്. മഹാരാഷ്‌ട്രയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം. 28 കാരിയായ യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്.
ഈ വർഷം ജനുവരിയിലാണ് ഇരുവരുടെയും വിവാഹം നടന്നത്. 45 കാരനായ പ്രതിയുടെ രണ്ടാം വിവാഹമാണിത്. കല്യാണം കഴിഞ്ഞ് ആദ്യ മാസങ്ങൾ സന്തോഷകരമായി മുന്നോട്ട് പോയെങ്കിലും പിന്നാലെ പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താൻ 15 ലക്ഷം രൂപ വേണമെന്നും ഇത് രണ്ടാം ഭാര്യയുടെ വീട്ടുകാർ നൽകണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഇതിനായി ഇയാൾ ഭാര്യയെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നു.
ഡിസംബർ 19 ന് നടന്ന പാർട്ടിയിൽ വച്ച് ഇയാൾ ഭാര്യയെ ബോസിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചു. ഇത് വിസമ്മതിച്ച യുവതിയെ ഭർത്താവ് ക്രൂരമായി മർദിക്കുകയും മുത്വലാഖ് ചൊല്ലി വീടിന് പുറത്താക്കുകയുമായിരുന്നു. തുടർന്ന് യുവതി സംഭാജി നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിക്കെതിരെ ഭാരതീയ ന്യായസംഹിതയിലേ 115(2), 351(2), 351(3), 352 എന്നീ വകുപ്പുകളും 2019 ലെ മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.