യുഗങ്ങൾ എത്ര കഴിഞ്ഞാലും ഓരോ ഭാരതീയന്റെയും ഉള്ളിൽ തുടിക്കുന്ന പേരാണ് അടൽ ബിഹാരി വാജ്പേയി. രാഷ്‌ട്രീയ എതിരാളികളിൽ പോലും അടൽ ബിഹാരി വാജ്പേയി എന്ന നാമം അഭിമാനമുയർത്തുന്നുണ്ടെങ്കിൽ അതിന് കാരണങ്ങൾ അനേകം ആണ്. ഒരു മനുഷ്യായുസ്സിൽ ചെയ്തു തീർക്കാവുന്നതിന്റെ പതിന്മടങ്ങ് ഈ രാഷ്‌ട്രത്തിനായി സമ്മാനിച്ചു കടന്നുപോയ വാജ്പേയ്, ജന മനസ്സുകളിൽ ചിരഞ്ജീവിയാണ് .
ദേശീയ സദ് ഭരണ ദിനമായി ആഘോഷിക്കാൻ വാജ്പേയ് എന്ന മഹാമനീഷിയുടെ ജന്മദിനം അല്ലാതെ മറ്റൊരു ദിനം കണ്ടെത്താൻ ഇല്ല. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പർണശാലയിലെ അരണി കടഞ്ഞ് ജ്വലിപ്പിച്ച അഗ്നി ആയതിനാൽ തന്നെ ഭാരതം എന്ന ഒരേ ഒരു മന്ത്രം മാത്രമായിരുന്നു ആ സിരകളിൽ. മൂന്നുതവണ വാജ്പേയി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി. ആദ്യം 13 ദിവസം മാത്രം. പിന്നെ അത് 13 മാസമായി. അന്ന് പൊക്രാനിൽ ഭാരതം നടത്തിയ ആണവ പരീക്ഷണത്തിലൂടെ വാജ്പേയ് എന്ന രാഷ്‌ട്ര തന്ത്രജ്ഞന്റെ ഇച്ഛാശക്തി ലോക രാജ്യങ്ങൾ പോലും തിരിച്ചറിഞ്ഞു.
1999-ൽ കേവല ഭൂരിപക്ഷത്തോടെ വാജ് പേയ് സർക്കാർ വീണ്ടും ഭാരതത്തിന്റെ സാരഥ്യം ഏറ്റെടുത്തു. എ.ബി വാജ്പേയ് എന്ന പേരിന് ധീരതയുടെ കൂടി പര്യായം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളായിരുന്നു അത്. ഭാരതത്തിന്റെ ഒരുതരി മണ്ണും പാകിസ്താന് നൽകില്ലെന്ന് ഉദ്ഘോഷിച്ച് വാജ്പേയി സൈനികർക്ക് നൽകിയ പിന്തുണയാണ് കാർഗിൽ വിജയ ദിവസത്തിലേക്ക് നമ്മെ നയിച്ചത്.
എന്നും ഭാരതത്തോട് ശത്രുതാ മനോഭാവം പുലർത്തിയിരുന്ന പാകിസ്താനുമായി നയതന്ത്ര വാണിജ്യ ബന്ധങ്ങൾ സ്ഥാപിക്കാനായതും ആണവ നിരായുധീകരണത്തിന് വ്യവസ്ഥ ചെയ്ത ലാഹോർ കരാർ നടപ്പാക്കിയതും വാജ്പേയിയുടെ കിരീടത്തിലെ പൊൻ തൂവലുകളിൽ ഒന്ന് മാത്രം. പ്രതിപക്ഷ നേതാവിന്റെ കസേര വിമർശനങ്ങൾക്ക് മാത്രമുള്ള മാധ്യമം അല്ലെന്ന് തെളിയിച്ച വാജ്പേയി പകരം വെക്കാനില്ലാത്ത ജീവിത സപര്യയാണ് ഈ നാടിന് സമ്മാനിച്ചത്.