കോഴിക്കോട്: എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പൂനെ ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. വിഷ്ണു ഇരുപത് ദിവസത്തെ അവധിക്കാണ് പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പോയതെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകി. ജനുവരി അഞ്ച് വരെയാണ് അവധി അനുവദിച്ചിരുന്നത്.
ഈ മാസം 16-നാണ് വിഷ്ണു ക്യാമ്പിൽ നിന്നും പോയത്. ക്യാമ്പിൽ വിഷ്ണുവിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തെ അറിയിച്ചു. എലത്തൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇൻസ്റ്റിറ്റ്യൂട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
വിഷ്ണുവിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ ലൊക്കേഷൻ പൂനെയിൽ തന്നെയാണെന്ന് പൊലീസ് കണ്ടെത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.
നാട്ടിലേക്ക് വരുന്ന വിവരം വിഷ്ണു അമ്മയെ വിളിച്ച് പറഞ്ഞിരുന്നു. കണ്ണൂരിൽ എത്തിയെന്ന് പറഞ്ഞാണ് വിഷ്ണു അവസാനമായി വീട്ടിലേക്ക് വിളിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വിളിച്ചതിന് ശേഷം പിന്നീട് വിഷ്ണുവിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ആവുകയായിരുന്നു. വിഷ്ണുവിന്റെ അക്കൗണ്ടിൽ നിന്നും 15,000 രൂപ പിൻവലിച്ചിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തിൽ പൂനെയിലും അന്വേഷണം നടന്നുവരികയാണ്.