മെൽബൺ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസീസ് മികച്ച നിലയിൽ. നാഥാൻ മാക്സ്വീനിക്ക് പകരക്കാരനായെത്തിയ ഓപ്പണർ സാം കോൺസ്റ്റാസും മാർനസ് ലെബുഷെയ്‌നും ഉസ്മാൻ ഖവാജയും സ്റ്റീവ് സ്മിത്തും നേടിയ അർദ്ധസെഞ്ച്വറികളാണ് ഓസ്ടേലിയയെ ശക്തമായ നിലയിലെത്തിച്ചത്. 75 ഓവറിൽ ഓസീസ് 279-5 എന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഗില്ലിന് പകരം ടീമിലെത്തിയ വാഷിംഗ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകൾ വീതം നേടി.
ചായയ്‌ക്ക് പിരിയുമ്പോൾ 176-2 എന്ന ശക്തമായ നിലയിലായിരുന്നു ഓസീസ്. ഓപ്പണർമാരായ സാം കോൺസ്റ്റസ് 60 (65) ഉം ഉസ്മാൻ ഖവാജ 57 (121) ഉം റൺസെടുത്ത് പുറത്തതായി. എന്നാൽ പിന്നാലെ വന്ന ലെബുഷെയ്‌നും സ്റ്റീവ് സ്മിത്തും അർദ്ധ സെഞ്ച്വറികൾ നേടി ടീമിനായി നിലയുറപ്പിച്ചു. പകരക്കാരനായിറങ്ങിയ വാഷിംഗ്ടൺ സുന്ദർ 72 റൺസെടുത്ത ലെബുഷെയ്‌ന്റെ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യക്ക് പ്രതീക്ഷ നൽകി. പരമ്പരയിലുടനീളം മികച്ച ഫോമിൽ തുടർന്ന ഹെഡ് ബുമ്രയുടെ പന്തിൽ സംപൂജ്യനായി മടങ്ങി. നാല് റൺസെടുത്ത മിച്ചൽ മാർഷിനെയും ബുമ്ര കൂടാരം കയറ്റിയതോടെ ഓസീസ് ബാറ്റർമാർ പരുങ്ങലിലായി.
നിലവിൽ 62 (81) റൺസെടുത്ത ഓസീസ് ബാറ്റർ സ്റ്റീവ് സ്മിത്തും 18 (20) റൺസെടുത്ത അലക്സ് കാരിയുമാണ് ക്രീസിൽ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടിയിരുന്നു. ഒരു മത്സരം സമനിലയിൽ പിരിഞ്ഞു. പരമ്പര സമനില ആയാലും നിലവിലെ ജേതാക്കളായ ഇന്ത്യയ്‌ക്ക് ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്താൻ കഴിയും. എങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിന് ഇന്ത്യയ്‌ക്ക് രണ്ട് മത്സരങ്ങളിലും വിജയം അനിവാര്യമാണ്.