ആലപ്പുഴ: ബൈപ്പാസിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവം തട്ടിക്കൊണ്ടു പോകൽ അല്ലെന്നും ഉണ്ടായത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്നും പൊലീസ് കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെയാണ് ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ആലപ്പുഴ ബൈപ്പാസിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡിവൈഡറിലിടിച്ച് നിന്ന വാഹനത്തിൽ നിന്നും ചില്ലുപൊട്ടിച്ചാണ് ഷംനാദ് പുറത്തുകടന്നത്. കാറിലുണ്ടായിരുന്ന അഞ്ചാംഗ സംഘം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ഈ സമയത്ത് ബൈപ്പാസിലെത്തിയ പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
വാഹനം റെന്റിനു വാങ്ങാൻ എത്തിയതാണെന്നും അതിനെച്ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് ഷംനാദ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിരുന്നില്ല. കാറിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ തൂക്കുന്ന ത്രാസ് കണ്ടെത്തി. തുടർന്ന് പൊലീസ് ഇയാളെ വിശദമായി ശോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
തട്ടിക്കൊണ്ടുപോകൽ കഥയ്‌ക്കുപിന്നിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണെന്ന് ഷംനാദ് സമ്മതിച്ചു. കാറിൽ വച്ച് തർക്കം ഉണ്ടായതോടെ മറ്റൊരു സീറ്റിൽ ഇരുന്ന ഷംനാദ് സ്റ്റിയറിങ് തിരിക്കുകയായിരുന്നു. ഇതോടെയാണ് വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചത്. ഷംനാദിനെതിരെ വിവിധ സ്റ്റേഷനുകളിലായി 6 ലഹരിക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഷംനാദിനൊപ്പം കാറിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് അറിയിച്ചു.















