വീട്ടിലുണ്ടാക്കിയ ക്രിസ്മസ് കേക്ക് കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ബ്രസീലിലെ ടോറസിലാണ് ദാരുണ സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വിളമ്പിയ കേക്കിൽ നിന്നാണ് വിഷബാധയുണ്ടായത്. മരിച്ചവരുടെ ശരീരത്തിൽ ആഴ്സനിക്കിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി.
കേക്കുണ്ടാക്കിയ 61-കാരിയായ സെലി സിൽവ അൻജോസിന്റെ രണ്ട് സഹോദരിമാരും മരിച്ചവരിൽ ഉൾപ്പെടുന്നു. സഹോദരിയുടെ 10 വയസ്സുള്ള മകൻ ഉൾപ്പെടെ മറ്റ് മൂന്ന് കുടുംബാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
കൂടത്തായി ജോളി മോഡൽ കൊലപാതക പരമ്പരയാണ് ബ്രസീലിൽ അരങ്ങേറിയതെന്നാണ് നിഗമനം. സൈനഡിന് പകരം ആഴ്സനിക്കാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. പ്രാഥമിക രക്തപരിശോധനയിൽ ആർസെനിക് കണ്ടെത്തിയതിനെ തുടർന്ന് കുടുംബത്തിലെ മറ്റ് മരണങ്ങളും പൊലീസ് അന്വേഷിക്കുകയാണ്. സെപ്തംബറിൽ ഭക്ഷ്യവിഷബാധയെ തുടർന്നാണ് സെലിയുടെ ഭർത്താവ് പൗലോ ലൂയിസ് മരിച്ചത്.
ഇതും അധികൃതർ പുനഃപരിശോധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിനിടെ വീട്ടിൽ നിന്ന് വെളുത്ത ദ്രാവകവും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.