കൊച്ചി: ഗിന്നസ് ലോക റെക്കോഡ് കുറിക്കാനുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ കലൂർ സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനുമെതിരെ കേസെടുത്ത് പൊലീസ്. വേണ്ടത്ര അനുമതികൾ സംഘാടകർ വാങ്ങിയില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പൊലീസ് കേസെടുത്തത്.
ഉപേക്ഷയോടും അശ്രദ്ധയോടും കൂടിയാണ് സ്‌റ്റേജ് നിർമിച്ചതെന്നും എഫ്‌ഐആറിൽ പറയുന്നു. വിഐപികൾക്ക് ഇരിക്കുന്നതിനായി താൽക്കാലികമായി പണിത സ്റ്റേജിന് മുൻവശം നടന്നുപോകുന്നതിന് മതിയായ പാസേജിട്ടിരുന്നില്ല. സുരക്ഷിതമായ കൈവരിയും സ്ഥാപിച്ചിരുന്നില്ലെന്ന് എഫ്‌ഐആറിൽ പറയുന്നു.
സംഘാടകരയായ മൃദംഗവിഷൻ ഭാരവാഹികൾക്കും നിർമ്മാണ പ്രവർത്തികൾ നടത്തിയ ഓസ്‌ക്കാർ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പരിപാടിയിൽ പങ്കെടുത്ത ചലച്ചിത്രതാരവും നർത്തകിയുമായ ദിവ്യ ഉണ്ണി അടക്കമുള്ളവരെ സംഘാടനവുമായി ബന്ധമുണ്ടെങ്കിൽ മാത്രമെ ചോദ്യം ചെയ്യൂവെന്നും കമ്മീഷണർ പറഞ്ഞു.
ജിസിഡിഎ മുന്നോട്ടുവെച്ച 24 നിബന്ധനകളിൽ പലതും പാലിക്കപ്പെട്ടിരുന്നില്ലെന്നാണ് വിലയിരുത്തൽ. സംഭവ സമയം 43 പോലീസുകാരും പൊലീസ് ഉദ്യോഗസ്ഥരും കലൂർ സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
ജിസിഡിഎ മുന്നോട്ടുവെച്ചതിൽ പൊതുമരാമത്ത് വകുപ്പിന്റെ ഫീൽഡ് വേരിഫിക്കേഷൻ മാത്രമാണ് നടന്നത്. അഗ്‌നിശമന സേനയുടെ ക്ലിയറൻസ് ആവശ്യമായിരുന്നു. പോലീസ് അടക്കമുള്ള വകുപ്പുകൾക്ക് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. അപകടം ഉണ്ടായ ശേഷവും അവിടെ പരിപാടി തുടർന്നതു സംബന്ധിച്ചും പരിശോധിക്കും.
12000 പേരെ പങ്കെടുപ്പിച്ചായിരുന്നു ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള ഭരതനാട്യം കലൂർ സ്‌റ്റേഡിയത്തിൽ നടന്നത്. എന്നാൽ പുറത്ത് 15 അടിയോളം ഉയരത്തിൽ കെട്ടിയിരുന്ന സ്‌റ്റേജിൽ നിന്നും ഉമ തോമസ് എംഎൽഎ കാൽ വഴുതി താഴെ വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് തലയോട്ടിയിൽ ഗുരുതരമായ മുറിവേറ്റ എംഎൽഎയുടെ വാരിയെല്ല് പൊട്ടുകയും ശ്വാസകോശത്തിലും മുഖത്തും ചതവും വാരിയെല്ലിന് പൊട്ടലും ഏൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം റിനെ മെഡിസിറ്റി ആശുപത്രി ഐസിയുവിലാണ് എംഎൽഎ ഇപ്പോൾ.















