കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയ മലയാളി സൈനികൻ വിഷ്ണുവിനെ നാട്ടിലെത്തിച്ചു. എലത്തൂർ പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് വിഷ്ണുവുമായി കോഴിക്കോട്ടെത്തിയത്. ഇയാളെ കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
സൈനികൻ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും ഉപയോഗിക്കാതിരുന്നതാണ് അന്വേഷണത്തിന് വെല്ലുവിളിയായതെന്ന് പൊലീസ് പറഞ്ഞു.
വിഷ്ണുവിനെ കണ്ടെത്താൻ 1500 സിസിടിവികൾ പരിശോധിച്ചു. ദിവസത്തിന്റെ മുക്കാൽ സമയവും ഇതിനായി വിനിയോഗിച്ചു. രണ്ടര മണിക്കൂർ മാത്രമാണ് ഉറങ്ങാനായത്. ഇതിൽ നിന്നാണ് മുംബൈ എന്ന ട്രെയിനിൽ വിഷ്ണു സഞ്ചരിച്ചുവെന്ന വിവരം കിട്ടിയത്.
ബെംഗളൂരുവിലെത്തിയ വിഷ്‌ണുവിന്റെ കണ്ടെത്താൻ മുംബൈയിൽ നിന്നും അന്വേഷണ സംഘവും ഇവിടെയെത്തി. ഇവിടെ നടത്തിയ എടിഎം വഴിയുള്ള പണമിടപാടുകളാണ് വിഷ്ണുവിലേക്കെത്താൻ സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണ സംഘം വിഷ്ണു ജോലി ചെയ്തിരുന്ന പൂനെയിൽ നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്വേഷണവുമായി സൈന്യം നന്നായി സഹകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. വിഷ്ണുവിനെ പറ്റി ക്യാമ്പിൽ നല്ല അഭിപ്രായമാണെന്നും സൗമ്യ സ്വഭാവക്കാരനെന്നാണ് എല്ലാവറും പറഞ്ഞതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഇന്നലെ രാത്രിയോടെയാണ് വിഷ്ണുവിനെ ബെംഗളൂരിവിൽ വച്ച് അന്വേഷണ സംഘം കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി നിന്നതാണെന്നാണ് കോഴിക്കോടെത്തിയ വിഷ്ണു മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ബംഗളൂരുവിലും മുംബൈയിലുമായാണ് കഴിഞ്ഞത്. അപ്പോഴത്തെ മാനസിക അവസ്ഥയിൽ ചെയ്തതാണെന്നും കാണാതായത് വലിയ വാർത്ത എന്ന അറിയുന്നത് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞപ്പോഴാണെന്നും വിഷ്ണു പറഞ്ഞു.
കഴിഞ്ഞമാസം 17 നായിരുന്നു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു 20 ദിവസത്തെ അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് ബന്ധുക്കളെ അറിയിച്ചതിനുപിന്നാലെയാണ് കാണാതായത്. വിഷ്ണുവിനെ അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം പൂനെയിലെ ജോലിസ്ഥലത്തും പോയിരുന്നു. ആർമിയും സമാന്തരമായി അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബെംഗളൂരുവിലുണ്ടെന്ന വിവരം ലഭിക്കുന്നത്.