പുതുവർഷ ദിനത്തിൽ ആശ്വാസ വാർത്തയുമായി കന്നഡ നടൻ ശിവരാജ്കുമാർ. ക്യാൻസർ വിമുക്തനായ കാര്യമാണ് അദ്ദേഹം വീഡിയോയ സന്ദേശത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സന്തോഷവാർത്ത പങ്കിടാൻ ശിവരാജ്കുമാറും ഭാര്യ ഗീതയും ഇൻസ്റ്റാഗ്രാമിലെത്തി.
യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസംബർ 24-നായിരുന്നു മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയ നടന്നതെന്ന് താരം പറഞ്ഞു. ചികിൽസയ്‌ക്കിടെ തന്നോടൊപ്പം നിന്നവർക്കും ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു. എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരിൽ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ലെന്നം അദ്ദേഹം
വികാരാധീനനായി പറഞ്ഞു. ശിവണ്ണ മുമ്പ് എങ്ങനെയായിരുന്നോ അതുപോലെ തന്നെ നൃത്തത്തിലും ഫൈറ്റിലും ലുക്കിലും ഇരട്ടി ശക്തി ഉണ്ടാകും. നിങ്ങളുടെ അനുഗ്രഹത്താലാണ് തിരിച്ച് വരവ് സാധ്യമായതെന്നും നടൻ പറഞ്ഞു.
ആരാധകരുടെ പ്രാർത്ഥനകൾക്ക് നന്ദി പറയുന്നതായി ഗീത ശിവരാജ്കുമാർ പറഞ്ഞു. നിങ്ങളുടെ പ്രാർത്ഥന കാരണം ശിവ രാജ്കുമാറിന്റെ എല്ലാ റിപ്പോർട്ടുകളും നെഗറ്റീവ് ആയി. പാത്തോളജി റിപ്പോർട്ട് പോലും നെഗറ്റീവ് ആയി, ഇപ്പോൾ അദ്ദേഹം ഔദ്യോഗികമായി ക്യാൻസർ വിമുക്തനാണെന്നും ഗീത വീഡിയോയിൽ പറഞ്ഞു. അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ ജ്യേഷ്ഠനാണ് ശിവരാജ്കുമാർ.