കൊല്ലം: അഞ്ചൽ ഒഴുകുപാറയ്‌ക്കലിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് കത്തി യുവാവ് മരിച്ചു. ഒഴുകുപാറയ്‌ക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയാണ് സംഭവം. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
റബ്ബർ മരങ്ങൾ മുറിച്ച ഒഴിഞ്ഞ പുരയിടത്തിലേക്കാണ് കാർ പതിച്ചത്. രാവിലെ നാട്ടുകാരാണ് കത്തിക്കരിഞ്ഞ നിലയിൽ കാർ കണ്ടെത്തുന്നത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
എറണാകുളം ഇൻഫോപാർക്ക് ജീവനക്കാരനാണ് ലെനീഷ്. കഴിഞ്ഞ ദിവസം മുതൽ ഇയാളെ കാണാനില്ലെന്ന് കാട്ടി ഭാര്യയും മാതാപിതാക്കളും പരാതി നൽകിയിരുന്നു. തുടർന്ന് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. അഞ്ചൽ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.