ന്യൂയോർക്ക്: ലാസ് വെഗാസിൽ ടെസ്ല സൈബർട്രക്ക് സ്ഫോടനം നടത്തിയത് യുഎസ് സ്പെഷ്യൽ ഫോഴ്സ് സൈനികനെന്ന് കണ്ടെത്തൽ. കോളറാഡോ സ്വദേശി മാത്യു അല്ലെൻ ലിവൽസ്ബർഗർ (37) ആണ് കാർ ഓടിച്ചിരുന്നത്. ലാസ് വെഗാസിൽ സ്ഥിതിചെയ്യുന്ന ട്രംപ് അന്താരാഷ്ട്ര ഹോട്ടലിനു മുന്നിൽ വ്യാഴാഴ്ചയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ആക്രമണത്തിനു മുൻപ് ഇയാൾ സ്വയം വെടിവച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
സ്ഫോടനത്തിൽ ഹോട്ടലിന് സമീപത്തുണ്ടായിരുന്ന ഏഴുപേർക്ക് പരിക്കേറ്റിരുന്നു. കാർ ഓടിച്ചിരുന്ന മാത്യു അല്ലെൻ ലിവൽസ്ബർഗർ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെടുകയും ചെയ്തു. യുഎസ് സ്പെഷ്യൽ ഫോഴ്സ് അംഗമാണ് അക്രമി. വാഹനം പൊട്ടിത്തെറിക്കുന്നതിന് മുൻപ് ഇയാൾ സ്വയം വെടിവച്ചിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
അമേരിക്കയിലെ ന്യൂ ഓർലീൻസിൽ ട്രക്ക് ഉപയോഗിച്ച് നടത്തിയ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ആയിരുന്നു ലാസ് വെഗാസിലെ സ്ഫോടനം. രണ്ടിടങ്ങളിലും റിപ്പോർട്ട് ചെയ്ത ആക്രമണങ്ങൾ വാഹനമുപയോഗിച്ചാണ് നടത്തിയത്. രണ്ട് അക്രമികളും ഒരേ സ്ഥലത്തുനിന്നാണ് വാഹനങ്ങൾ വാടകയ്ക്കെടുത്തതെന്ന പ്രത്യേകതയുമുണ്ട്.
ട്രംപ് ഹോട്ടലിന് മുന്നിൽ നടന്ന പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നാണ് എഫ്ബിഐയുടെ പ്രാഥമിക വിലയിരുത്തൽ. പൊട്ടിത്തെറിച്ച വാഹനത്തിൽ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് ഷെരീഫ് കെവിൻ മെക്മഹിൽ പ്രതികരിച്ചു.