ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കാണാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് വിജയി ഇന്ത്യയുടെ കൊനേരു ഹംപി. കൂടിക്കാഴ്ചയെ ‘ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസര’മെന്നാണ് ഹംപി വിശേഷിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊനേരു ഹംപിയും ഭർത്താവും മകളുമടങ്ങുന്ന കുടുംബം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
“നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയെ എന്റെ കുടുംബത്തോടൊപ്പം കാണാൻ കഴിഞ്ഞത് അവിശ്വസനീയമായ ബഹുമതിയാണ്. ഈ അനുഭവം ശരിക്കും അവിസ്മരണീയമായിരുന്നു, പ്രചോദനവും പ്രോത്സാഹനവും നിറഞ്ഞതായിരുന്നു. ഈ അവസരത്തിന് നന്ദി സർ!” മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഹംപി എക്സിൽ കുറിച്ചു.
2024 ലെ ഫിഡെ വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച കൊനേരു ഹംപിയെ നേരത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ഹംപിയുടെ വിജയം ചരിത്രപരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബർ 29ന് ന്യൂയോർക്കിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ഹംപി തന്റെ രണ്ടാമത്തെ ലോക റാപ്പിഡ് ചെസ് കിരീടം നേടിയത്.11-ാം റൗണ്ടില്‍ ഇന്‍ഡൊനീഷ്യയുടെ ഐറിന് ഖരിഷ്മ സുകന്ദറിനെ പരാജയപ്പെടുത്തി 8.5 പോയന്റോടെയാണ് ഹംപിയുടെ നേട്ടം.
2019 ൽ, മോസ്കോയിൽ നടന്ന ചാംപ്യൻഷിപ്പിലായിരുന്നു ആദ്യജയം. ചൈനയുടെ ജു വെൻജുനുശേഷം ഒന്നിലധികം തവണ വനിതാ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ വ്യക്തിയാണ് കൊനേരു ഹംപി.