മുംബൈ: കുടുംബ പാർട്ടിയല്ലാത്ത ഏക ദേശീയ പാർട്ടി ബിജെപിയാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. ഏതെങ്കിലുമൊരു കുടുംബത്തിന്റെ പാർട്ടിയല്ലിത്. പ്രവർത്തകരുടെ പാർട്ടിയാണ് ബിജെപിയെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു.
രാജ്യത്ത് 2,300ലധികം പാർട്ടികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ദേശീയ പാർട്ടിയെന്ന പദവിയുള്ളത് വിരലിൽ എണ്ണാവുന്നവയ്‌ക്ക് മാത്രമാണ്. ആയിരക്കണക്കിന് രാഷ്‌ട്രീയ പാർട്ടികളിൽ രണ്ടെണ്ണം മാത്രമാണ് ഏതെങ്കിലുമൊരു കുടുംബത്തിന്റേതല്ലാത്തത്. അത് ബിജെപിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമാണ്. ശേഷിക്കുന്ന 2,300ഓളം പാർട്ടികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെന്നും ഫഡ്നാവിസ് പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിയെ നിലവിൽ ദേശീയ പാർട്ടിയായി കണക്കാക്കാൻ കഴിയില്ല. ജനങ്ങളും പ്രവർത്തകരും അവകാശികളായ ഏക ദേശീയ പാർട്ടി ബിജെപിയാണ്. ഈ പാർട്ടി ഒരു നേതാവിന്റെയും സ്വത്തല്ല. ചായ വിറ്റിരുന്ന ഒരു യുവാവിനെ മുഖ്യമന്ത്രിയാക്കാനും പിന്നീട് പ്രധാനമന്ത്രിയാക്കാനും ബിജെപിക്ക് മാത്രമേ സാധിക്കൂ. ബന്ധുക്കളായ രാഷ്‌ട്രീയ നേതാക്കളാരും തന്നെ നരേന്ദ്രമോദിക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് പാർട്ടിയിൽ ഗോഡ്ഫാദർ ഉണ്ടായിരുന്നില്ല. എന്നിട്ടും രാഷ്‌ട്രീയത്തിൽ ഏറ്റവും സമുന്നതമായ സ്ഥാനത്ത് അദ്ദേഹമെത്തി. ബിജെപി എന്നത് ഒരു ജനാധിപത്യ സംഘടനയാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.