വിവാഹമോചന വാർത്തകൾക്കിടയിൽ മകളോടൊപ്പം ഒരുമിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യക്കൊപ്പം താരദമ്പതികൾ വിമാനത്താവളത്തിൽ നിൽക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പുതുവർഷ ആഘോഷങ്ങൾക്ക് ശേഷം മുംബൈ വിമാനത്താവളത്തിലാണ് കുടുംബം പ്രത്യക്ഷപ്പെട്ടത്.
മകളോടൊപ്പം ഇരുവരെയും കണ്ടതോടെ ആരാധകരും പാപ്പരാസികളും ചുറ്റുംകൂടി. ഇവരുടെ ഇടയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ദമ്പതികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിറയുകയാണ്. മാദ്ധ്യമങ്ങളോട് സംസാരിക്കുമെന്ന് വിചാരിച്ചിരുന്നെങ്കിലും അഭിഷേക് ബച്ചൻ അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എല്ലാവർക്കും പുതുവത്സര ആശംസകൾ നേർന്നതിന് ശേഷമാണ് ഐശ്വര്യ വിമാനത്താവളത്തിൽ നിന്നും മടങ്ങിയത്.
നേരത്തെ, ആരാധ്യയുടെ സ്കൂളിലെ വാർഷികാഘോഷത്തിലും ഐശ്വര്യയും അഭിഷേകും ഒരുമിച്ചെത്തിയിരുന്നു. ആരാധ്യ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. നിലത്ത് കിടന്നിഴയുന്ന ഐശ്വര്യയുടെ ധുപ്പട്ടയിൽ പിടിച്ചുനടക്കുന്ന അഭിഷേകിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു.