സിഡ്നി: ജസ്പ്രീത് ബുമ്രയുടെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബുമ്രയ്ക്ക് കഠിനമായ പുറം വേദന അനുഭവപ്പെട്ടിരുന്നുവെന്ന് സഹതാരം പ്രസിദ്ധ് കൃഷ്ണ വെളിപ്പെടുത്തി. ഓസീസിനെതിരായ അവസാന ടെസ്റ്റിലെ രണ്ടാം സെഷനിലാണ് താരം പരിക്കിനെത്തുടർന്ന് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുന്നത്. തുടർന്ന് സപ്പോർട്ടിങ് സ്റ്റാഫുകൾക്കൊപ്പം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ബുമ്രയുടെ അഭാവത്തിൽ വിരാട് കോലിയാണ് ടീമിനെ നയിച്ചത്.
എന്നാൽ താരത്തിന്റെ പരിക്കിനേയോ, മെഡിക്കൽ റിപ്പോർട്ടുകളെകുറിച്ചോ വ്യക്തമായ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. ബുമ്ര സ്കാനിംഗിനായാണ് ആശുപത്രിയിലേക്ക് പോയതെന്നും നിലവിൽ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നുമാണ് പ്രസിദ്ധ് മാദ്ധ്യമങ്ങളോട് പങ്കുവച്ച വിവരം. ഗ്രൗണ്ടിൽ നിന്ന് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങി ഏതാനും മിനിറ്റുകൾക്കുള്ളിൽ ട്രെയ്നിങ് കിറ്റ് ധരിച്ച് പുറത്തെത്തിയ താരം ടീം സ്റ്റാഫുകൾക്കൊപ്പം എസ്യുവി കാറിൽ കയറി ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മൂന്നാം ദിനം ഇന്ത്യയുടെ ലീഡ് പ്രതിരോധിക്കാൻ ബൗളിംഗ് നിരയിൽ ബുമ്ര കാണുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ബുമ്ര കളിച്ചില്ലെങ്കിൽ അത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. രണ്ടാം ദിനം ഓസീസ് ബാറ്റർ ലെബുഷൈന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്. പരമ്പരയിൽ ഇതുവരെ 32 വിക്കറ്റുകൾ ബുമ്ര നേടിയിട്ടുണ്ട്. മുൻപ് പരിക്ക് കാരണം 2022-2023 കാലയളവിൽ ഏകദേശം ഒരുവർഷത്തോളം ബുമ്രയ്ക്ക് അന്താരഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു.