മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നിലമ്പൂരിലെ കരുളായി സ്വദേശിയായ മണിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ഉൾവനത്തിൽ വച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് മണിയും കുടുംബവും താമസിക്കുന്നത്. മകൾ മീനയെ പാലേമാടുള്ള പട്ടികവർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കിയശേഷം മടങ്ങിവരികയായിരുന്നു മണി. മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലാണ് യാത്ര ചെയ്തത്.
പൂച്ചപ്പാറയിൽ നിന്ന് അളയിലേക്ക് നടക്കുന്നതിനിടെയാണ് കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. മണിയുടെ ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. എന്നാൽ മണിക്ക് ഓടാൻ കഴിഞ്ഞിരുന്നില്ല. ആക്രമണത്തിൽ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. രാത്രി ഒമ്പത് മണിയോടെ വനപാലകരെത്തിയാണ് മണിയെ ആശുപത്രിയിൽ എത്തിച്ചത്.