ലക്നൗ : നടക്കാനിരിക്കുന്ന മഹാകുംഭമേളയോടനുബന്ധിച്ച് ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർമിച്ച സ്റ്റീൽ പാലത്തിന്റെ നിർമാണം പൂർത്തിയായി. രണ്ട് മാസത്തോളമെടുത്താണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. നിലവിൽ ചെറിയ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. അതുകൂടി പൂർത്തിയായാൽ പാലം പൂർണമായും സഞ്ചാരയോഗ്യമാവും.
100-150 ടൺ ഭാരമുള്ള ക്രെയിനുകളാണ് പാലം നിർമിക്കാൻ ഉപയോഗിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികളാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്രാജിലെത്തുന്നത്. നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ സ്റ്റീൽ പാലം ഏറെ പ്രയോജനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ആളുകൾ മഹാകുംഭമേളയിൽ പങ്കെടുക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശശികാന്ത് പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണ്. തീർത്ഥാടകർക്ക് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി ആവശ്യമായ എല്ലാ സംവിധാനങ്ങളും പ്രയാഗ്രാജിൽ ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകരുടെ ആവശ്യങ്ങൾ കൃത്യമായി മനസിലാക്കി വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കും. അമ്പത് ദിവസങ്ങളിലായി 13,000 ട്രെയിൻ സർവീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇതിൽ 3,000 പ്രത്യേക ട്രെയിൻ സർവീസുകളായിരിക്കും ഉണ്ടാവുകയെന്നും പി ആർ ഓഫീസർ പറഞ്ഞു.