ന്യൂഇയർ പിറന്നതുമുതൽ അമേരിക്കയെ വിടാതെ പിന്തുടരുകയാണ് ദുരന്തങ്ങൾ. വെടിവെപ്പിനും ഭീകരാക്രമണങ്ങൾക്കും ശേഷം കാട്ടുതീയാൽ ദുരിതം പേറുകയാണ് അമേരിക്കൻ ജനത. ലോസ് ഏഞ്ചൽസിൽ കഴിഞ്ഞ രണ്ടുദിവസമായി പടർന്നുപിടിച്ച കാട്ടുതീ അണയ്ക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണ്.
പതിനായിരക്കണക്കിന് പേർ ജീവഭയത്താൽ ഓടിരക്ഷപ്പെടുന്ന ദാരുണമായ കാഴ്ച ലോസ് ഏഞ്ചൽസിലെ നഗരങ്ങളിൽ നിന്ന് പുറത്തുവന്നിരുന്നു, അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ പ്രകൃതി ദുരന്തമായി മാറുകയാണ് ലോസ് ഏഞ്ചൽസിലെ കാട്ടുതീ. ഇതിനോടകം 57 ബില്യൺ ഡോളറുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ലോസ് ഏഞ്ചൽസിലെ ഏറ്റവും സമ്പന്ന നഗരങ്ങളായ സാന്റ മോണിക, മാലിബു എന്നിവയുടെ സമീപ പ്രദേശങ്ങളിലേക്കും തീ പടർന്നതാണ് നാശനഷ്ടങ്ങളുടെ തോത് വർദ്ധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
2005ലുണ്ടായ കത്രീന ചുഴലിക്കാറ്റിനെ തുടർന്ന് അമേരിക്കയിൽ രേഖപ്പെടുത്തിയ നാശനഷ്ടങ്ങളായിരുന്നു ചരിത്രത്തിലെ ഏറ്റവും വലുത്. കത്രീന കാരണം 200 ബില്യൺ ഡോളർ നഷ്ടം അമേരിക്കയ്ക്കുണ്ടായി. 2018ൽ കാലിഫോർണിയയിൽ സംഭവിച്ച കാട്ടുതീ 30 ബില്യൺ ഡോളർ നഷ്ടത്തിന് കാരണമായി. ലോസ് ഏഞ്ചൽസിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വിശദമായി പരിശോധിക്കപ്പെടുമ്പോൾ മേൽപ്പറഞ്ഞ രണ്ടുദുരന്തങ്ങളേക്കാൾ ആഴത്തിലുള്ളതാകുമെന്നാണ് പ്രാഥമിക നിഗമനം.
ഇതുവരെ അഞ്ച് പേരുടെ മരണമാണ് ലോസ് ഏഞ്ചൽസിൽ റിപ്പോർട്ട് ചെയ്തത്. ആയിരത്തിലധികം വീടുകൾ കത്തിനശിച്ചു. കാട്ടുതീ വിഴുങ്ങിയ കെട്ടിടങ്ങളിൽ അമേരിക്കയിലെ സെലിബ്രിറ്റികളുടെയും പ്രമുഖരുടെയും വീടുകൾ അടക്കം ഉൾപ്പെട്ടതായാണ് സൂചന. 40,000ത്തോളം പേരെ മാറ്റിപാർപ്പിച്ചതായും വീടൊഴിയാനുള്ള നിർദേശം നിരവധി പേർക്ക് നൽകിയിട്ടുണ്ടെന്നും LA ഭരണകൂടം അറിയിച്ചു.