സനാതന ധർമത്തിൽ വിശ്വസിക്കുന്നവരുടെ സമ്മേളനമാണ് മഹാകുംഭമേള. ലോകത്തിന്റെ വിവിധ കോണിൽ നിന്നായി കോടികണക്കിന് പേരാകും പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലേക്ക് എത്തിച്ചേരുക. മഹാകുംഭമേളയ്‌ക്കായി വിപുലമായ സൗകര്യങ്ങളാണ് യോഗി സർക്കാർ ഒരുക്കിയിരിക്കുന്നത്. കുംഭമേളയ്‌ക്കെത്തുന്നവർക്ക് അന്നം വിളമ്പുന്നതിനായി ‘മാ കി രസോയി’ (माँ की रसोई) ആരംഭിച്ചു.
വെറും ഒൻപത് രൂപയ്‌ക്ക് സുഭിക്ഷമായ ആഹാരം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ സംരംഭമാണ് ‘മാ കി രസോയ്’. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാ കി രസോയ് ഉദ്ഘാടനം ചെയ്തു. പ്രയാഗ്രാജിലെ സ്വരൂപ് റാണി നെഹ്‍റു ആശുപത്രിയിൽ പ്രവർത്തിക്കുന്ന ‘നന്ദി സേവ സൻസ്ഥനിനാണ്’ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തന ചുമതല. കുംഭമേളയ്‌ക്കെത്തുന്നവർക്ക് ആശ്വാസം പകരാൻ സംരംഭത്തിനാകുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രയാഗ്രാജിലെ ആശുപത്രിയിലെത്തുന്ന നിർധനരായവർക്ക് ആഹാരം നൽകുന്നത് ലക്ഷ്യമിട്ടാണ് നന്ദി സേവ സൻസ്ഥൻ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. ഇതാണ് മഹാകുംഭമേളയോട് അനുബന്ധിച്ച് വിപുലീകരിച്ചത്. ആശുപത്രി കോമ്പൗണ്ടിന് അകത്ത് 2000 ചതുരശ്രയടിയിൽ നിർമിച്ച അത്യാധുനിക ഹോട്ടലാണ് മാ കി രസോയി.
ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പരിപ്പ്, നാല് റോട്ടി, കറികൾ, ചോറ്, സലാഡ്, മധുരപലഹാരം എന്നിവയാണ് ഒൻപത് രൂപയ്‌ക്ക് നൽകുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.