തൃശൂർ: ഇന്ത്യയിലെ എല്ലാ ഭാഷകളിലും പാടിയ ഒരു അത്ഭുത പ്രതിഭാസമാണ് പി ജയചന്ദ്രനെന്ന് ഗായകൻ എം ജി ശ്രീകുമാർ. മലയാളത്തിന്റെ ഭാവഗായകൻ ഒരിക്കലും നമ്മെ വിട്ടുപിരിയില്ലെന്നും അദ്ദേഹം മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എം ജി ശ്രീകുമാർ പറഞ്ഞു. സംഗീത നാടക അക്കാദമിയിലെത്തി പി ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നമ്മുടെയെല്ലാം സ്വന്തം ജയേട്ടനാണ് നമ്മെ വിട്ടുപിരിഞ്ഞത്. എന്നാലും അങ്ങനെയൊരു വേർപിരിയൽ ഉണ്ടായെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന്റെ അത്രയധികം ഓർമകളാണ് മനസിലുള്ളത്. വളരെ വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് മുതലുള്ള ഊഷ്മളബന്ധം കഴിഞ്ഞമാസം വരെ തുടർന്നു. അനശ്വരനായ ഗായകനാണ് അദ്ദേഹം.
സത്യം സത്യമാണെന്ന് മാത്രം പറയുന്ന ഒരു വ്യക്തി. അദ്ദേഹം എന്തുകൊണ്ടും ഒരു ഭാഗ്യവാനാണ്. അദ്ദേഹം പാടിയ പാട്ടുകളെല്ലാം ലോകമുഴുവനുള്ള ആളുകൾ ആസ്വദിക്കുകയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ തലമുറകളോളം കൈമാറി, പ്രപഞ്ചം അവസാനിക്കുന്നത് വരെ ഈ ശബ്ദം ഇവിടെ അലയടിക്കും. ഗാനങ്ങളിലൂടെ അദ്ദേഹം എന്നും ജീവിക്കും. ഒരിക്കലും അദ്ദേഹം നമ്മെ വിട്ട് പോകില്ല”- എം ജി ശ്രീകുമാർ പറഞ്ഞു.