കുറ്റക്കാരനാണ്, എന്നാൽ കുറ്റവിമുക്തനായി.. ശിക്ഷയുണ്ട്, പക്ഷെ അനുഭവിക്കേണ്ടതില്ല..
അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഹഷ് മണി കേസിൽ കോടതിയുടെ വിധിപ്രസ്താവത്തെ മേൽപ്പറഞ്ഞ രീതിയിൽ വിലയിരുത്താം. മുൻ പ്രസിഡന്റും ഭാവി പ്രസിഡന്റുമായ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും കുറ്റവിമുക്തന് ലഭിക്കുന്ന സർവ പരിഗണനയോടെയും കേസിൽ നിന്ന് പുറത്തുവരാമെന്നതാണ് വിധി. ട്രംപിനെ നിരുപാധികം വിട്ടയക്കുന്നുവെന്ന് ന്യൂയോർക്ക് കോടതി ജഡ്ജി ജുവാൻ മെർച്ചൻ വിധിച്ചു.
പോൺ താരം സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറംലോകമറിയാതിരിക്കാൻ നടിക്ക് പണം നൽകി ഒതുക്കിയെന്ന സംഭവമാണ് ട്രംപിനെതിരായ ഹഷ് മണി കേസ്. സംഭവത്തിൽ മുൻ പ്രസിഡന്റ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പത്ത് ദിവസത്തിനകം പ്രസിഡന്റായി വീണ്ടുമധികാരമേൽക്കുമെന്നതിനാൽ ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കുകയായിരുന്നു. തടവോ പിഴയോ ചുമത്തുകയില്ലെന്ന് ന്യൂയോർക്ക് കോടതി വ്യക്തമാക്കി.
കഴിഞ്ഞയാഴ്ചയായിരുന്നു ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി ശരിവച്ചത്. ഇതിനെതിരെ ട്രംപ് അപ്പീൽ പോയെങ്കിലും യുഎസ് സുപ്രീംകോടതി നിരസിച്ചു. തുടർന്നാണ് ജനുവരി പത്തിന് ട്രംപിനെതിരായ ‘ശിക്ഷാവിധി’ ന്യൂയോർക്ക് കോടതി പ്രഖ്യാപിച്ചത്. വെർച്വലായാണ് ട്രംപ് കോടതിയിൽ ഹാജരായത്. 4 വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് തെളിഞ്ഞതെങ്കിലും അമേരിക്കൻ നിയമം നൽകുന്ന പരിരക്ഷ നിയുക്ത പ്രസിഡന്റിന് ലഭിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ജനുവരി 20ന് തന്റെ രണ്ടാം ടേമിലേക്ക് കടക്കുന്ന ട്രംപ്, കുറ്റക്കാരനാണെന്ന് തെളിഞ്ഞ ആദ്യ യുഎസ് പ്രസിഡന്റായി മാറും.
തന്റെ ശിക്ഷാവിധി ന്യൂയോർക്കിനും ന്യൂയോർക്ക് കോടതി സംവിധാനത്തിനും കനത്ത തിരിച്ചടിയാണെന്നാണ് ട്രംപിന്റെ പ്രതികരണം. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാനാണ് കുറ്റക്കാരനായി വിധിച്ചതെന്നും തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമം നടന്നുവെന്നും ട്രംപ് വിമർശിച്ചു.
ഹഷ് മണി കേസ്
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ക്യാമ്പയിനിടെ പോൺ താരം സ്റ്റോമി ഡാനിയൽസിന് പണം നൽകിയ സംഭവമാണ് ഹഷ് മണി കേസ്. 130,000 അമേരിക്കൻ ഡോളർ തുക ട്രംപിന്റെ മുൻ അഭിഭാഷകൻ മുഖേന കൈമാറിയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യം വിവാദമാകുമെന്ന സാഹചര്യം കൈവന്നതോടെ പണം നൽകിയത് അഭിഭാഷകനാണെന്ന് കാണിക്കാൻ ട്രംപ് വ്യാജരേഖകൾ ചമച്ചുവെന്നും കേസിൽ പറയുന്നു. ഹഷ് മണി മറച്ചുവെക്കാൻ 34 ബിസിനസ് റെക്കോർഡുകൾ വ്യാജമായി സൃഷ്ടിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചിരുന്നു.