മുഖകാന്തി വർദ്ധിപ്പിക്കുന്നതിനും ചർമ സംരക്ഷിക്കുന്നതിനും വളരെയധികം ശ്രദ്ധിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ചെറിയൊരു മുഖക്കുരുവോ കറുത്തപാടോ ഉണ്ടായാൽ പോലും ആശങ്കപ്പെടുന്നവരാണ് അധികവും. എന്നാൽ ചിലരുടെ പ്രധാനപ്രശ്നമാണ് മൂക്കിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളും കുരുക്കളും.
സോഡപ്പൊടിയും കാപ്പിപ്പൊടിയുമൊക്കെ പലരും പരീക്ഷിക്കുമെങ്കിലും ഈ പ്രശ്നത്തിനൊരു ശാശ്വത പരിഹാരം ഉണ്ടാകാറില്ല. കുറച്ച് നാളുകൾക്ക് ശേഷം കുരുക്കൾ വീണ്ടും ഉണ്ടാകുന്നതാണ് പതിവ്. പല തരത്തിലുള്ള അലർജി ഉണ്ടാകുന്നവർക്ക് ഇത്തരത്തിൽ മൂക്കിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടാകും. വെളുത്തവർക്ക് ഈ പാടുകൾ പ്രത്യേകം എടുത്തറിയാനാവും.
തുമ്മലുള്ളവർക്കാണ് മൂക്കിന് ചുറ്റും കുരുക്കളും പാടുകളും ഉണ്ടാകുന്നത്. ഇതിന് തുമ്മലും ജലദോഷവും വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. രാത്രി കുളിക്കുന്നവർക്കും തണുത്ത ജ്യൂസ് കുടിക്കുന്നവർക്കും അടുത്ത ദിവസം ജലദോഷം ഉണ്ടാകാറുണ്ട്. ചിലർക്ക് പൊടി അടിച്ചാൽ പെട്ടെന്ന് തന്നെ തുമ്മലുണ്ടാകും. ശ്ലേഷ്മം വരുമ്പോൾ മൂക്ക് മുകളിലേക്ക് തുടക്കുന്നവർക്കും മൂക്കിന് മുകളിലായി വരപോലുള്ള പാടുകളും ഉണ്ടാകാറുണ്ട്. ഇതിന് ആദ്യം ചെയ്യേണ്ടത് ജലദോഷത്തെ അകറ്റി നിർത്തുക എന്നതാണ്.
മൂക്കിന് ചുറ്റുമുള്ള കറുത്തപാടുകൾ മാറ്റാൻ സ്ക്രബ്ബർ ഉപയോഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, സ്ഥിരമായി സ്ക്രബ്ബർ ഉപയോഗിക്കുന്നത് മൂക്കിന്റെ തൊലിയിളകുന്നതിന് കാരണമാകും.