തിരുവനന്തപുരം; റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണർക്ക് ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസാണ് കുഴഞ്ഞുവീണത്. ആംബുലൻസിലേക്ക് മാറ്റിയ കമ്മീഷണർ പ്രഥമ ശുശ്രൂഷയ്‌ക്ക് ശേഷം തിരികെയെത്തി.
രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ സേനാംഗങ്ങളുടെ പരേഡ് വീക്ഷിക്കുമ്പോഴും സിറ്റി പൊലീസ് കമ്മീഷണർ സമീപത്ത് തന്നെയുണ്ടായിരുന്നു. ഇതിന് ശേഷം ഗവർണർ പരേഡിനെ അഭിസംബോന ചെയ്ത് സംസാരിച്ചു തുടങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
കുഴഞ്ഞുവീണ കമ്മീഷണറെ വേദിയിലുണ്ടായിരുന്ന സഹപ്രവർത്തകർ ചേർന്ന് താങ്ങിപ്പിടിച്ചു. പ്രസംഗം നിർത്തിയ ഗവർണർ ഫസ്റ്റ് എയ്ഡ് കൊടുക്കാൻ നിർദ്ദേശിച്ചു. കമ്മീഷണറെ വേദിയിൽ നിന്ന് ഫസ്റ്റ് എയ്ഡിനായി മാറ്റിയ ശേഷമാണ് ഗവർണർ പ്രസംഗം തുടർന്നത്.















