നാഗ്പൂർ: യുവാവിനെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്തി സുഹൃത്ത്. നാഗ്‌പൂരിലെ കവ്രപേട്ടിലാണ് സംഭവം. 20 കാരനായ ശുഭം ഹരാനെയാണ് സുഹൃത്ത് പ്രയാഗ് അസോലെ മൂർച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തിയത്. പുതുതായി വാങ്ങിയ ടീ-ഷർട്ടിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശുഭവും പ്രയാഗും ഇയാളുടെ സഹോദരനായ അക്ഷയ് അസോലെയുമായി കഴിഞ്ഞ ദിവസങ്ങളിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. അക്ഷയ് ഓൺലൈൻ വഴി ഒരു പുതിയ ടി-ഷർട്ട് വാങ്ങിയിരുന്നു. എന്നാൽ അക്ഷയ് അറിയാതെ ഹരാനെ ഈ ടി ഷർട്ട് ധരിച്ചതാണ് തർക്കത്തിന് കാരണമായത്. തർക്കത്തിനിടെ ഹരാനെ അക്ഷയ്‌ക്ക് നേരെ പണം എറിഞ്ഞതും സംഘർഷം വഷളാക്കി.
തർക്കം പരിഹരിക്കാമെന്ന വ്യാജേന ഹരാനെയെ സുഹൃത്തുക്കൾ വിളിവച്ചുവരുത്തിയാണ് കൊലപാതകം. നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ പ്രയാഗ് ഹരാനെയുടെ മുടിക്ക് കുത്തിപ്പിടിച്ച് കഴുത്തറുക്കുകയായിരുന്നു. മുറിവേറ്റ് പിടഞ്ഞ ഹരാനെയെ രക്ഷപ്പെടുത്താൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആരും ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ ശാന്തി നഗർ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















